ടി.ടി.ഇ വിനോദിന് കണ്ണീരോടെ വിട നല്കി മഞ്ഞുമ്മൽ, അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ
തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപം, ഒഡീഷ സ്വദേശിയായ രജനികാന്ത ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടി.ടി.ഇ കെ വിനോദിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ. അവസാനമായി ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും, സ്നേഹിതരും അടക്കം വൻ ജനാവലി എത്തി. മന്ത്രി പി രാജീവും ഭവനം സന്ദർശിച്ചു.
അതേസമയം, നേരത്തെ എറണാകുളത്തെ റെയിൽവേ സ്റ്റേഷനിൽ പൊതുദർശനം നിശ്ചയിച്ചിരുന്നെങ്കിലും തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾ വൈകിയതിനാൽ ഇതൊഴിവാക്കി. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
തലയ്ക്കേറ്റ ക്ഷതമാണ് വിനോദിന്റെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ദേഹത്ത് ആഴത്തിലുള്ള ഒൻപത് മുറിവുകളുണ്ടായിരുന്നതായും രണ്ടുകാലുകളും അറ്റുപോയിരുന്നു എന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ട്രെയിനിൽനിന്ന് അടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ദേഹത്തുകൂടെ ഇതേ ട്രാക്കിൽവന്ന മറ്റൊരു ട്രെയിൻ കയറിയിറങ്ങി എന്നാണ് നിഗമനം. ഇതാണ് കാലുകൾ അറ്റുപോകാൻ ഇടയായതെന്ന് കരുതുന്നു. മുറിവുകളിൽനിന്ന് രക്തംവാർന്നിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ട്രെയിനിൽനിന്ന് തള്ളിയിട്ടപ്പോഴാകാം തലയ്ക്ക് ക്ഷതമേറ്റതെന്നാണ് പ്രാഥമിക നിഗമനം.
വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട കേസിൽ പ്രതി ഭിന്നശേഷിക്കാരനായ രജനീകാന്തയ്ക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 7 മണിയോടെ എറണാകുളം പട്ന എക്സ്പ്രസ്സിലാണ് സംഭവം. യാത്രാടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ പ്രതി രണ്ട് കൈകളും ഉപയോഗിച്ച് വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ് വീണത് എതിർവശത്തെ ട്രാക്കിൽ.
അതിലൂടെ വന്ന ട്രെയിൻ കയറിയാണ് കലാകാരൻ കൂടിയായ വിനോദിന്റെ ദാരുണാന്ത്യം. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.