KeralaNEWS

നരേന്ദ്ര മോദിക്ക് ബദല്‍ ആരാണ്? ശശി തരൂരിന്റെ മറുപടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ ആരാകുമെന്ന ചോദ്യം പാര്‍ലമെന്ററി സംവിധാനത്തില്‍ അപ്രസക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ . കാരണം നമ്മള്‍ തെരഞ്ഞെടുക്കുന്നത് ഒരു വ്യക്തിയെയല്ല, മറിച്ച് പാര്‍ട്ടിയെയോ പാര്‍ട്ടികളുടെ സഖ്യത്തെയോ ആണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

”മോദിക്ക് പകരക്കാരന്‍ ആരാണെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും എന്നോട് ചോദിച്ചു. പാര്‍ലമെന്ററി സംവിധാനത്തില്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ല. നമ്മള്‍ തെരഞ്ഞെടുക്കുന്നത് ഒരു വ്യക്തിയെയല്ല (പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലെന്നപോലെ), ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും കാത്തുസൂക്ഷിക്കാന്‍ അമൂല്യമായ ഒരു കൂട്ടം തത്ത്വങ്ങളെയും ബോധ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി അല്ലെങ്കില്‍ പാര്‍ട്ടികളുടെ കൂട്ടായ്മയാണ്. ജനങ്ങളുടെ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന, വ്യക്തിപരമായ അഹംഭാവത്താല്‍ നയിക്കപ്പെടാത്ത, പരിചയസമ്പന്നരും കഴിവുള്ളവരും വൈവിധ്യമുള്ളവരുമായ ഒരു കൂട്ടം നേതാക്കളാണ് മോദിക്കുള്ള ബദല്‍.ഏത് പ്രത്യേക വ്യക്തിയെയാണ് അവര്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നത് എന്നത് രണ്ടാമത്തെ കാര്യമാണ്. നമ്മുടെ ജനാധിപത്യവും വൈവിധ്യവും സംരക്ഷിക്കുകയാണ് ആദ്യം വേണ്ടത്” -തരൂര്‍ കുറിച്ചു.

Signature-ad

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് തരൂര്‍. മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള ശശി തരൂരിന്റെ നാലാമങ്കമാണിത്.ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖര്‍, ഇടതുമുന്നണിയുടെ പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് എതിര്‍സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ രണ്ടാഴ്ചയായി തെരഞ്ഞെടുപ്പ് പ്രചരണവുമായി മണ്ഡലത്തില്‍ സജീവമാണ് തരൂര്‍. ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ്.

 

Back to top button
error: