Lead NewsNEWS

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ആരോഗ്യ ചരിത്രത്തിലെ നാഴികകല്ല്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 4 ലക്ഷം ലഭ്യമാക്കാന്‍ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികകല്ലാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്നാണ് അനുദിനം വര്‍ധിച്ചുവരുന്ന ചികിത്സാ ചിലവ്. മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളും സേവനവും ഒരുക്കിയാണ് ഇതിനൊരു പരിഹാരം കണ്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 33 ശതമാനം ആള്‍ക്കാരാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ നിരന്തരം ഇടപെട്ട് ആശുപത്രികള്‍ ശാക്തീകരിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം 50 ശതമാനമായി. മൊത്തം വരുന്ന ക്ലെയ്മിന്റെ 72 ശതമാനവും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖലയിലെ ഒരു നിര്‍ണായക ചുവടുവെപ്പാണ് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണം. സാധാരണ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യത്യസ്ത വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഒരു കുടക്കീഴില്‍ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടപ്പിലാക്കുകയാണ് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ചെയ്യുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി എന്നിവയുടെ നടത്തിപ്പ് ചുമതല ഹെല്‍ത്ത് ഏജന്‍സിക്കാണ്. കോവിഡ് മഹാമാരി ചെറുത്തുനില്‍ക്കുന്നതിനായി ഏജന്‍സി കൈക്കൊണ്ട നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് തന്നെ വലിയ ആശ്വാസമാണ് നല്‍കിയത്. സ്വകര്യ ആശുപത്രികളെ കോവിഡ് ചികിത്സക്കായി മുന്നോട്ട് കൊണ്ടുവരുന്നതിനായി സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ നേതൃത്വത്തില്‍ സ്വാകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി വിവിധ ചര്‍ച്ചകള്‍ നടത്തുകയും കോവിഡ് ചികിത്സക്കായി ഏകീകൃത കോവിഡ് നിരക്ക് നിജപ്പെടുത്തുകയും ചെയ്തു.

Signature-ad

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്ന 19,51,453 കുടുംബങ്ങളുടെ 100 ശതമാനം ചികിത്സ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തമുള്ള ആയുഷ്മാന്‍ പദ്ധതിയില്‍ അംഗങ്ങളായ 22,01,131 കുടുംബങ്ങളുടെ ചികിത്സ ചിലവിന്റെ 40 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. 2 വര്‍ഷകാലയളവില്‍ 17.14 ലക്ഷം ക്ലെയിമുകളും 1,036.89 കോടി രൂപയുടെ സൗജന്യ ചികിത്സയും നല്‍കി.

റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി പദ്ധതി നടപ്പിലാക്കിയിരുന്നു കാലയളവില്‍ ചെറിയ രീതിയിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രികളുടെ ക്ലെയിമുകള്‍ അധികമായി നിരസിച്ചിരുന്നു. എന്നാലിപ്പോള്‍ ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുത്തതോടെ പരമാവധി ക്ലെയിമുകള്‍ നല്‍കാന്‍ സാധിക്കുന്നു. 375 സ്വകാര്യ ആശുപത്രികള്‍ അടക്കം കേരളത്തിലുടനീളം 566 ആശുപത്രികളില്‍ നിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാണ്. കൂടുതല്‍ ആശുപത്രികളെ പദ്ധതിയില്‍ പങ്കാളികളാക്കാനുള്ള എംപാനല്‍മെന്റ് പ്രക്രിയ തുടര്‍ന്ന് വരികയാണ്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 1.5 ലക്ഷം രൂപയാണ് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ പാക്കേജ് പ്രകാരം നിജപ്പെടുത്തിയിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം മനസിലാക്കി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 4 ലക്ഷം രൂപയോളം ചികിത്സയിനത്തില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തികരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോ. ഡയറക്ടര്‍ ഡോ. ഇ. ബിജോയ് എന്നിവര്‍ സംസാരിച്ചു.

Back to top button
error: