മാഡ്രിഡ്: ഓരോ യാത്രകളും ഓരോ ഓര്‍മ്മകളാണ്. യാത്രയുടെ ഓര്‍മ്മക്കായി അവിടെ നിന്ന് എന്തെങ്കിലും വസ്തുക്കള്‍ ശേഖരിക്കുക എന്നത് ഒട്ടുമിക്ക ആളുകളുടെയും ശീലമാണ്. ബീച്ചുകളില്‍ പോയാല്‍ കല്ലും ചിപ്പികളും ശംഖുകളുമെല്ലാം ശേഖരിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ വിനോദസഞ്ചാരികള്‍ ഈ ബീച്ചില്‍ പോയാല്‍ വളരെ ശ്രദ്ധിക്കണം. ഇവിടെ നിന്ന് കല്ലുകള്‍ പെറുക്കിയാല്‍ നല്ല പണി കിട്ടും.. നൂറും ഇരുന്നൂറുമല്ല, രണ്ടരലക്ഷം രൂപവരെ പിഴയാണ് ലഭിക്കുക.
സ്‌പെയിന്റെ ഭാഗമായ കാനറി ദ്വീപുകളിലെ ലാന്‍സറോട്ട, ഫ്യൂര്‍ട്ടെവെന്‍ചുറ എന്നീ ദ്വീപുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ബീച്ചുകളില്‍ നിന്ന് മണല്‍, കല്ലുകള്‍, പാറകള്‍ എന്നിവ ശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്ക് 2,563 പൗണ്ട് (ഏകദേശം 2,69,879 രൂപ) പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ നിയമലംഘനം നടത്തിയാല്‍ 3,000 യൂറോ വരെ പിഴയും ചെറിയ രീതിയിലുള്ള നിയമലംഘനം നടത്തിയാല്‍ 150 മുതല്‍ 600 യൂറോ വരെ പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
ദ്വീപില്‍ നിന്ന് മണലുകളും പാറകളുമടക്കം പലപ്പോഴും അടക്കം സഞ്ചാരികള്‍ കൊണ്ടുപോകുന്നത് അടുത്തിടെ വ്യാപകമായിരുന്നു. പലപ്പോഴും 1,000 കിലോഗ്രാം മണലൊക്കെ സഞ്ചാരികള്‍ കൊണ്ടുപോയതായി കാനേറിയന്‍ വീക്കിലി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്യൂര്‍ട്ടെവന്‍ചുറയിലെ പ്രശസ്തമായ പോപ്കോണ്‍ ബീച്ചില്‍ നിന്ന് മാസവും ഒരു ടണ്‍ മണല്‍ നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കുന്നതുകൊണ്ടാണ് നിയമം കര്‍ശനമാക്കിയത്. തീരപ്രദേശങ്ങളിലെ സ്വാഭാവിക സന്തുലിതാവസ്ഥ അപകടത്തിലാക്കുമെന്നും അധികൃതര്‍ പറയുന്നു.
പലപ്പോഴും ലാന്‍സറോട്ടെ, ഫ്യൂര്‍ട്ടെവെന്‍ചുറ വിമാനത്താവളങ്ങളില്‍ നിന്ന് ഇവ പിടിച്ചെടുക്കാറുണ്ടെങ്കിലും സംരക്ഷിത പ്രദേശത്ത് നിന്ന് എടുത്തതാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയാറില്ല. ഇതുമൂലം പലരും പിഴയില്‍ നിന്ന് രക്ഷപ്പെടാറുമുണ്ട്.