പൃഥ്വിരാജിനെയും ഉണ്ണിമുകുന്ദനെയും കേന്ദ്ര കഥാപാത്രങ്ങളായി പ്രശസ്ത ഛായാഗ്രാഹകനായ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമം തുടങ്ങി. ഉണ്ണിമുകുന്ദനും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഭ്രമം എന്ന ചിത്രത്തിനുണ്ട്. ആയുഷ്മാൻ ഖുറാന, രാധിക ആപ്തേ, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീരാം രാഘവൻ സംവിധാനം ചെയ്ത അന്ദാദുന് എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം.
അന്ധനായി അഭിനയിക്കുന്ന ആകാശ് എന്ന ചെറുപ്പക്കാരൻ അവിചാരിതമായി ഒരു കൊലപാതകത്തിന് ദൃക്സാക്ഷി ആകേണ്ടി വരികയും തുടർന്ന് അയാൾ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് അന്ദാദൂന് എന്ന ചിത്രത്തിലൂടെ സംവിധായകൻ പറഞ്ഞു വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിൽ ആകാശ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സുകുമാരൻ അഭിനയിക്കുന്നത്.
ബോളിവുഡില്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത മലയാളത്തിലും ലഭിക്കുമെന്നാണ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്നത് രവി കെ ചന്ദ്രൻ തന്നെയാണ്. എ.പി ഇൻറർനാഷണൽ നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.