ചിറ്റൂരില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ മാതാപിതാക്കള്‍ മക്കളെ കൊന്ന സംഭവത്തില്‍ കുറ്റസമ്മതം നിഷേധിച്ച് മാതാപിതാക്കള്‍. തങ്ങളല്ല കൊന്നതെന്നും മൂത്ത മകള്‍ അലേഖ്യയാണ് ഇളയവളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്നും തുടര്‍ന്ന് സായിയുടെ ആത്മാവിനോടു ചേര്‍ന്ന് അവളെ തിരികെ കൊണ്ടുവരാന്‍ തന്നെ കൊലപ്പെടുത്താന്‍ അലേഖ്യ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അമ്മ പദ്മജ പറഞ്ഞു. കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുമ്പോള്‍ പുനര്‍ജനിക്കുമെന്നാണ് അലേഖ്യ പറഞ്ഞതെന്നും അമ്മ പറയുന്നു.
മാതാപിതാക്കളുടെ ഈ മൊഴികള്‍ പോലീസിനെ വീണ്ടും വലയ്ക്കുകയാണ്. എന്നാല്‍ പൊലീസ് ഈ മൊഴി വിശ്വസിച്ചിട്ടില്ല. മാതാപിതാക്കളുടെ മാനസികനില പരിശോധിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പുനര്‍ജനിക്കുമെന്ന വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് പിജി വിദ്യാര്‍ഥിയായ അലേഖ്യ (27) സംഗീത വിദ്യാര്‍ഥിയായ സായി ദിവ്യ (22) എന്നിവര്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ത്രിശൂലം കൊണ്ട് കുത്തിയും ഡമ്പല്‍ കൊണ്ട് അടിച്ചും മാണ് ഇവരെ കൊന്നത്. രക്തത്തില്‍ കുളിച്ച് നഗ്‌നമായ നിലയിലായിരുന്നു പെണ്‍കുട്ടികളുടെ മൃതദേഹം. സംഭവത്തില്‍ മാതാപിതാക്കളായ പുരുഷോത്തം നായിഡു, പദ്മജ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലീസ് വീട്ടിലെത്തുമ്പോള്‍ വാതിലില്‍ തടഞ്ഞ പദ്മജ, തിങ്കളാഴ്ച വരെ പുനര്‍ജനിക്കാന്‍ സമയം അനുവദിക്കണമെന്നാണ് പൊലീസിനോടു പറഞ്ഞത്. ‘ഇന്നൊരു ദിവസം അവര്‍ ഇവിടെ കിടക്കട്ടെ. നാളെ വേണമെങ്കില്‍ കൊണ്ടുപൊയ്ക്കോളൂ. എന്തിനാണ് ഷൂസ് ഇട്ട് വീടിനുള്ളില്‍ കറങ്ങുന്നത്. എല്ലായിടത്തും ദൈവമാണുള്ളത്. പൂജാമുറിയിലേക്ക് ഷൂസ് ഇട്ട് പോകുന്നതെന്തിന്?’- എന്നാണു പദ്മജ ചോദിച്ചത്. പുജാമുറിയിലേക്കു നമസ്‌കരിക്കാന്‍ പോകുകയാണെന്നു പറഞ്ഞാണ് പൊലീസ് അവിടേക്കു കടന്നത്.
ഞായറാഴ്ച പുരുഷോത്തം ഒരു സുഹൃത്തിനോട് വീട്ടില്‍ നടന്ന കാര്യങ്ങള്‍ അറിയിച്ചിരുന്നു. അയാളാണ് സംഭവം പോലീസില്‍ വിളിച്ചറിയിച്ചത്. പുനര്‍ജന്മത്തെക്കുറിച്ച് മാതാപിതാക്കള്‍ മക്കളെ പറഞ്ഞ് ബ്രെയിന്‍ വാഷ് ചെയ്തതായും പോലീസ് പറയുന്നു. മാത്രമല്ല വീട്ടില്‍ നടക്കുന്ന പൂജയെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കും അറിയാമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടി നേരത്തെ പങ്കുവെച്ച പോസ്റ്റുകളില്‍ ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്നു. ഈയടുത്തായി സഹോദരിമാരുടെ പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
പെണ്‍കുട്ടികളെ കൊന്നശേഷം മാതാപിതാക്കള്‍ ആത്മഹത്യയ്ക്ക് പദ്ധതിയിട്ടതായി പോലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്നു എങ്കിലും പിന്നീട് ഇരുവരും സാധാരണനിലയില്‍ എത്തി. മക്കളുടെ മൃതശരീരങ്ങളുമായി പൂജനടത്തിയാല്‍ കലിയുഗം അവസാനിച്ച് സത്യ യുഗം തുടങ്ങുമ്പോള്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകും എന്നായിരുന്നു ഇവരുടെ വിശ്വാസം. ഒരു മന്ത്രവാദിയുടെ ഉപദേശപ്രകാരം ആണത്രേ കൊലപാതകം.