KeralaNEWS

രണ്ടു ദിവസത്തിനിടെ ആംബുലന്‍സ് അപകടത്തിൽ മരിച്ചത് മൂന്നു പേർ; ഈ‌ ഡ്രൈവർമാരെ ആര് നിയന്ത്രിക്കും ?

തൃശൂർ: നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.തൃശൂർ ചൊവ്വൂരിൽ ഇന്നലെയായിരുന്നു അപകടം.പുതുക്കാട് സ്വദേശി മുരളി (51) ആണ് മരിച്ചത്.

അമിതവേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട്  തലകീഴായി മറിയുകയായിരുന്നു. ഇതിനിടയിൽ സ്‌കൂട്ടര്‍ യാത്രികനായ മുരളി ആംമ്പുലൻസിനടിയിൽ പെടുകയായിരുന്നു.ഉടൻ തന്നെ നാട്ടുകാർ മുരളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേർ നിലവിലുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍നിന്നു രോഗിയുമായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു വന്ന ആംബുലൻസ് നിയന്ത്രണം വിട്ടുമറിഞ്ഞും ഇടുക്കി കുഞ്ചിത്തണ്ണിയില്‍ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചും രോഗികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Signature-ad

ഇടുക്കി മെഡിക്കല്‍ കോളജില്‍നിന്നു രോഗിയുമായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു വന്ന ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് അയ്യപ്പൻകോവില്‍ ചപ്പാത്ത് മരുതുംപേട്ട പുത്തൻപുരയ്ക്കല്‍ പി.കെ. തങ്കപ്പനാണ് (78) മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ- പുളിയൻമല സംസ്ഥാനപാതയില്‍ ഗുരുതിക്കളം 6-ാം വളവിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ആംബുലൻസ് 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആംബുലൻസില്‍ ഉണ്ടായിരുന്ന പുള്ളിക്കാനം സ്വദേശി സുരേഷ് (53), ചോറ്റുപാറ സ്വദേശി അഭിരാം സാബു (23) എന്നിവർക്കു പരിക്കേറ്റു.ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി മെഡിക്കല്‍ കോളജില്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന തങ്കപ്പനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം.

അടുത്ത സംഭവത്തിൽ ഇടുക്കി കുഞ്ചിത്തണ്ണിയില്‍ നിന്നും രോഗിയുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച്‌  കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42)ആണ് മരിച്ചത്.ആദ്യം ലോറിയില്‍ ഇടിച്ച ആംബുലന്‍സ് പിന്നീട് മണ്‍തിട്ടയില്‍ ഇടിച്ചാണ് നിന്നത്. അസുഖബാധിതനായ രതീഷിനെ ആംബുലന്‍സില്‍ കോട്ടയത്തിന് കൊണ്ടുപോകുമ്ബോഴാണ് അപകടം.

സംഭവത്തില്‍ രതീഷിന്റെ മാതാവ് രാധാമണി (65), ആംബുലന്‍സിന്റെ ഡ്രൈവര്‍ പോത്താനിക്കാട് സ്വദേശി അന്‍സല്‍ (26) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.രാധാമണി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും അന്‍സൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Back to top button
error: