SportsTRENDING

സമനിലയിൽ പിരിഞ്ഞ മത്സരത്തിന് മുംബൈക്ക് മൂന്ന് പോയിന്റ്; ഐഎസ്‌എല്ലിൽ നാടകീയ രംഗങ്ങൾ

മുംബൈ: ഐഎസ്‌എല്ലിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ മാർച്ച് 8-ന് നടന്ന മത്സരം മുംബൈ സിറ്റി എഫ്‌സി വിജയിച്ചതായി റിസൾട്ട് പുനക്രമീകരിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.
മത്സരം യഥാർത്ഥത്തിൽ 1-1 സമനിലയിൽ ആവുകയായിരുന്നു.എന്നാൽ, മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി വിദേശ കളിക്കാരുടെ പരിധി ലംഘിച്ചതിനെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോട് (എഐഎഫ്എഫ്) മുംബൈ സിറ്റി എഫ്‌സി നൽകിയ പരാതിയിലാണ് നടപടി.
 മത്സരത്തിന്റെ 82-ആം മിനിറ്റിൽ ജംഷഡ്പൂരിന്റെ വിദേശ സ്‌ട്രൈക്കർ ഡാനിയൽ ചീമ റെഡ് കാർഡ് കണ്ട് പുറത്ത് പോയിരുന്നു. ഒരു മത്സരത്തിൽ ആകെ നാല് വിദേശ താരങ്ങളെ മാത്രമാണ് ഒരു ടീമിന് കളിപ്പിക്കാൻ സാധിക്കുക.അതായത് ഒരു വിദേശ താരം റെഡ് കാർഡ് കണ്ട് പുറത്ത് പോയാൽ 3 വിദേശ താരങ്ങളെ മാത്രമാണ് കളിപ്പിക്കാൻ സാധിക്കുക. ഈ നിയമം ജംഷഡ്പൂർ ലംഘിക്കുകയായിരുന്നു.
തുടർന്ന് മത്സരം ക്യാൻസൽ ചെയ്തതായി പ്രഖ്യാപിച്ച  എഐഎഫ്എഫ് അച്ചടക്ക സമിതി  സ്‌കോർലൈൻ 3-0 എന്ന നിലയിൽ മുംബൈ സിറ്റി എഫ്‌സിക്ക് അനുകൂലമായി ക്രമപ്പെടുത്തുകയായിരുന്നു
ഇതോടെ 41 പോയിന്റുമായി മുംബൈ സിറ്റി ഐഎസ്‌എൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.39 പോയിന്റുമായി മോഹൻ ബഗാൻ രണ്ടാമതും 36 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്തും 35 പോയിന്റോടെ ഒഡീഷ നാലാം സ്ഥാനത്തുമാണ്.29 പോയിന്റോടെ കേരള ബ്ലാസ്റ്റേഴ്സാണ് അഞ്ചാം സ്ഥാനത്ത്.
2023-24 ഐഎസ്‌എല്ലിന്റെ ആദ്യപകുതി ഡിസംബർ 31 ന് അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്.പ്രമുഖ താരങ്ങളുടെ പരിക്കായിരുന്നു അവർക്ക് വിനയായി മാറിയത്.രണ്ടാംഘട്ടത്തിലെ ആറ് കളികളില്‍ അഞ്ചിലും അവർ തോറ്റു.

അഡ്രിയാൻ ലൂണ, ക്വാമെ പെപ്ര, സച്ചിൻ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് ടീമിന് തിരിച്ചടിയായത്.ഇതിനൊപ്പം ജീക്സണ്‍ സിങ്, മാർക്കോ ലെസ്കോവിച്ച്‌, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു.എങ്കിലും പ്ലേ ഓഫ് സാധ്യത ടീമിന് ഇന്നും നിലനില്‍ക്കുന്നുണ്ട്.

18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ എഫ്.സി.ക്ക് 19 കളിയില്‍ 21 പോയിന്റുണ്ട്.അതായത് ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തും.ഈ മാസം 30 ന്, ജംഷഢ് പൂര്‍ എഫ്സിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം.

ബ്ലാസ്റ്റേഴ്‌സിന് നിലവിൽ നാല് മത്സരങ്ങൾ ശേഷിക്കുന്നുണ്ട്.എന്നാൽ നാല് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലാണ്.ജംഷഢ് പൂര്‍ എഫ്സിക്കെതിരെയുള്ള മത്സരത്തിന് ശേഷം ഈസ്റ്റ് ബംഗാള്‍, നോർത്തീസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി എന്നീ ടീമുകൾക്കെതിരെയാണ് മഞ്ഞപ്പടയുടെ ബാക്കിയുള്ള മത്സരങ്ങൾ.ഇതില്‍ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം മാത്രമാണ് ഇനി കൊച്ചിയില്‍ നടക്കാനുള്ളത്

Back to top button
error: