ബംഗളൂരു: കര്‍ണാടകയില്‍ സഖ്യകക്ഷിയായ ജെഡിഎസിന് മൂന്നാം സീറ്റ് നല്‍കി ബിജെപി പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് റിപ്പോര്‍ട്ട്. കോലാര്‍ ലോക്സഭാ സീറ്റിനെ ചൊല്ലി ബിജെപിക്കും ജനതാദള്‍ എസിനും ഇടയിലുണ്ടായ കല്ലുകടിയാണ് അവസാനിച്ചിരിക്കുന്നത്.
ഇതോടെ മാണ്ഡ്യ, ഹാസന്‍, കോലാര്‍ സീറ്റുകളില്‍ ജെഡിഎസ് മല്‍സരിക്കും. ബംഗളൂരു റൂറല്‍ മണ്ഡലത്തില്‍ ദേവെഗൗഡയുടെ മരുമകനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.സി.എന്‍.മഞ്ചുനാഥ് താമര ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിലും ഇതു ദളിനു നല്‍കിയ സീറ്റായാണ് ബിജെപി പരിഗണിക്കുന്നത്. മണ്ഡ്യ, ഹാസന്‍ സീറ്റുകള്‍ മാത്രം ദളിനു നല്‍കാനുള്ള ബിജെപി നിലപാടിനെ ദേശീയ അധ്യക്ഷന്‍ ദേവെഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ദള്‍ നിര്‍വാഹക സമിതി യോഗം അപലപിച്ചിരുന്നു.
അതേസമയം, കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാന ബിജെപിയില്‍ അതൃപ്തി പുകയുകയാണ്. ആദ്യഘട്ടത്തില്‍ 20 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. പട്ടിക പുറത്തിറങ്ങിയതിനു ശേഷം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന ഭീഷണിയുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ, മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, കൊപ്പളില്‍ രണ്ട് തവണ ബിജെപി എംഎല്‍എയായ കാരാടി സംഗണ്ണ, മുന്‍ മന്ത്രി ജെ.സി.മധുസ്വാമി ഇവരെല്ലാം അതൃപ്തി പരസ്യമാക്കി രംഗത്തുണ്ട്.