KeralaNEWS

ഗോവയെ കണ്ടുപഠിക്കൂ; നമുക്കും കശുമാവിൽ നിന്നും കാശ് വാരാം

റങ്കികള്‍ മലയാളക്കരയിലേക്ക് കൊണ്ടുവന്ന പറങ്കിമാവ്(കശുമാവ്) രാജ്യത്തെ വരുമാനം നിര്‍ണ്ണയിക്കുന്ന പ്രധാന കാര്‍ഷിക വിളയായി മാറിയിട്ട് വർഷങ്ങൾ ഏറെയായി.ഗോവയുൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ ഇതുവഴി നേട്ടം കൊയ്യുമ്പോൾ കേരളത്തിന്റെ സ്ഥാനം എവിടെയാണ്?
ഏതാണ്ട് പത്തുവര്‍ഷം പ്രായമായ ഒരു കശുമാവില്‍ നിന്ന് 10 കിലോ കശുവണ്ടി ലഭിക്കുമ്പോള്‍ അമ്പതോളം കിലോ കശുമാങ്ങ ആരോരും ഉപയോഗിക്കാതെ പാഴായി പോകുന്നു എന്നതാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. ഇനി വിൽക്കാൻ ചെന്നാലോ…100 രൂപ പോലും കിലോയ്ക്ക് കിട്ടുകയുമില്ല.അതേ സമയം ഒരുകിലോ വാങ്ങാൻ ചെന്നാൽ എന്തായിരിക്കും വില…?
പൊതുവെ ഇതിന്റെ പഴച്ചാറില്‍ നിന്നുണ്ടാക്കുന്ന വീഞ്ഞും മദ്യവും ലോക പ്രശസ്തമാണ്. കശുമാങ്ങയില്‍ നിന്നുണ്ടാക്കുന്ന ‘ഫെന്നി’ എന്ന മദ്യം  ഗോവയുടെ സ്വന്തം ഭൗമ സൂചിക പദവി നേടിയ വിഭവവുമാണ്.അതേസമയം നമ്മൾ എവിടെ നിൽക്കുന്നു !!
തുലാവര്‍ഷം കഴിഞ്ഞ് മഞ്ഞുരുകുന്നതോടുകൂടി പൂക്കുന്ന കശുമാവ് ഫെബ്രുവരി – മാർച്ച് മാസത്തോടെ വിളവെടുപ്പിന് തയ്യാറാകും. ഇത് ഏപ്രില്‍  വരെ തുടരാം. 100 ഗ്രാം കശുമാങ്ങയില്‍ 180 മുതല്‍ 370 മി.ഗ്രാം വൈറ്റമില്‍ സി അടങ്ങിയിട്ടുണ്ട്.  ചുരുക്കിപ്പറഞ്ഞാല്‍ ആപ്പിളിനേക്കാള്‍ പത്തിരട്ടി. കൂടാതെ ധാതുക്കള്‍, ലവണങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണിത്.
കശുമാങ്ങയുടെ നീര് പലവിധത്തില്‍ സൂക്ഷിച്ച് ഉദരസംബന്ധമായ രോഗങ്ങള്‍ക്കും പ്രസവരക്ഷയ്ക്കും വേദനസംഹാരിയായും മറ്റും ഉപയോഗിക്കുന്ന ശീലം പണ്ടുകാലത്ത് ഉണ്ടായിരുന്നു.കശുമാങ്ങയുടെ നീര് കുപ്പിയിലാക്കി അടച്ച് മണ്ണിനടിയില്‍ സൂക്ഷിച്ച് മരുന്നായി ഉപയോഗിക്കുന്നവര്‍ ഇന്നുമുണ്ട്.
കശുമാങ്ങയുടെ നീരും ശര്‍ക്കരപാനിയും ചേര്‍ത്ത് പാനീയമാക്കി കാലങ്ങളോളം സൂക്ഷിക്കുന്ന പതിവ് ഇന്നും ചിലയിടങ്ങളില്‍ കാണാം.
കശുമാങ്ങയുടെ നീര് വെയിലത്ത് ഉണക്കി മിഠായിയായും, പഴുത്ത കശുമാങ്ങ കഷ്ണങ്ങളാക്കി വെയിലത്തുവച്ച് ഉണക്കി തേനില്‍ സൂക്ഷിക്കുന്ന പലരും ഇന്നും നമ്മുടെ നാട്ടിൻപുറങ്ങളിലുണ്ട്.പൊതുവില്‍ പിത്തം, ഉദരരോഗങ്ങള്‍, ശരീരരക്ഷ എന്നിവയ്‌ക്കെല്ലാം ഫലപ്രദമാണിത്.
കശുമാങ്ങ നീരില്‍ നിന്നാണ് സിറപ്പ്, സ്‌ക്വാഷ്, ജ്യൂസ് അഥവാ ആര്‍.ടി.എസ്. ഡ്രിങ്ക്, സോഡ, പുളിക്കാത്ത പഴച്ചാറ്, വിനീഗര്‍, പുളിപ്പിച്ച വീഞ്ഞ് അഥവാ വൈന്‍, മദ്യം എന്നിവ തയ്യാറാക്കുന്നത്.കശുമാങ്ങയുടെ വിളവെടുപ്പുകാലം ജനുവരി മുതല്‍ ഏപ്രില്‍ വരെയാണെങ്കിലും വര്‍ഷം മുഴുവന്‍ സംഭരിച്ചുവയ്ക്കാനുളള സാങ്കേതിക വിദ്യ ഇന്നുണ്ട്. അതിനാല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായി ഒരു യൂണിറ്റ് ആരംഭിച്ചാല്‍ വര്‍ഷം മുഴുവന്‍ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും വിപണനം ചെയ്യാനാകുമെന്ന മേന്മയുമുണ്ട്. കശുമാങ്ങയുടെ നീരിലും പള്‍പ്പിലും മറ്റുപഴച്ചാറുകളോ പള്‍പ്പുകളോ ചേര്‍ത്ത് ഒട്ടേറെ രുചിഭേദങ്ങളും തയ്യാറാക്കാം. കശുമാങ്ങ സുലഭമായി കിട്ടുമെന്നുണ്ടെങ്കില്‍ കേരളത്തിൽ നിശ്ചയമായും ഏറ്റെടുക്കാവുന്ന ഒരു സംരംഭമാണിത്.കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രം വ്യക്തികള്‍ക്കും സംരംഭകര്‍ക്കും കശുമാങ്ങ ഉല്പന്നങ്ങള്‍ തയ്യാറാക്കാന്‍ പ്രായോഗിക പരിശീലനം നല്‍കുന്നുണ്ട്.
കേരളത്തിൽ പഴങ്ങൾ ഉപയോഗിച്ച് മൂല്യവർധിത വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ കഴിഞ്ഞ സംസ്ഥാന ബജറ്റിലുമുണ്ടായിരുന്നു.പക്ഷെ ഒന്നും നടന്നില്ല.കശുമാങ്ങയുപയോഗിച്ച് ഫെനിയുത്പാദിപ്പിക്കുന്ന സംസ്ഥാനം ഗോവയാണ്.കാരണം ഗോവയിൽ ലൈസൻസിനുള്ള വ്യവസ്ഥകൾ വളരെ ഉദാരമാണ്.
ഫെനി ഉത്പാദിപ്പിക്കാൻ ലൈസൻസ് നൽകണമെന്ന് കേരളത്തിലെ മലയോര കർഷകർ വർഷങ്ങളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. ഫെനി ഉത്പാദിപ്പിച്ചാൽ സർക്കാരിനും കർഷകർക്കും അത് നല്ല വരുമാനമാകും.ഒരു ലിറ്റർ ഫെനി ഉണ്ടാക്കാൻ 200 രൂപ ചെലവ് വരും. അത് ബിവറേജസ് കോർപ്പറേഷന് നൽകിയാൽ കോർപ്പറേഷന് ഇത് 500 രൂപയ്ക്ക് വിൽക്കാം.അതായത് ഒരു ലിറ്ററിന് 500 രൂപ! ഉൽപ്പാദകർക്കും സർക്കാരിനും വാങ്ങുന്നവർക്കും ലാഭം മാത്രം !!
കശുവണ്ടിയോടൊപ്പം മാങ്ങയ്ക്കും വില കിട്ടുന്നത് കൃഷിക്കാർക്കും വലിയ നേട്ടമാകും.കശുവണ്ടിയുടെ വില സ്ഥിരത ഉറപ്പാക്കുന്നതിനും ഇത് വഴിയൊരുക്കും.

Back to top button
error: