KeralaNEWS

അനുവിനെ കൊലപ്പെടുത്തിയ മുജീബ്‌റഹ്‌മാന്റെ പേരില്‍ 57 കേസുകള്‍; കൊണ്ടോട്ടിയില്‍ മാത്രം 13

കൊണ്ടോട്ടി: പേരാമ്ബ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊന്ന കേസില്‍ പ്രതിയായ കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്ബ് കോളനിയില്‍ കാവുങ്ങല്‍ നമ്ബിലകത്ത് മുജീബ്റഹ്മാന്റെ (48) പേരില്‍ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മാത്രം 13 കേസ്.

ഇതുകൂടാതെ മലപ്പുറം ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായി 44 കേസുകളിലും ഇയാള്‍ പ്രതിയാണ്.

Signature-ad

അഞ്ചുമാസം മുൻപ് കിഴിശ്ശേരിയിലെ ആക്രിക്കടയില്‍ നടന്ന മോഷണത്തിന് കൊണ്ടോട്ടി പോലീസ് അറസ്റ്റുചെയ്ത ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് വാളൂരിലെ കുറുക്കുടി മീത്തല്‍ അനുവിനെ (26) കൊലപ്പെടുത്തിയത്. ഈ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ കഴിഞ്ഞദിവസം അറസ്റ്റിലായി.

ബൈക്കില്‍ കയറിയ അനുവിനെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനായി തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പിന്നീട് ഇയാള്‍ നാട്ടുകാരനായ അബൂബക്കറിന്റെ സഹായത്തോടെ സ്വർണാഭരണങ്ങള്‍ വില്‍പ്പന നടത്തി. അബൂബക്കറിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. 1,70,000 രൂപയ്ക്ക് വില്‍പ്പന നടത്തിയ സ്വർണം പോലീസ് കണ്ടെടുത്തു.

2022-ല്‍ മുക്കത്തെ ഒരു സ്ത്രീയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മലയുടെ മുകളിലെത്തിച്ച്‌ കൈയും കാലും കെട്ടിയിട്ട് മാനഭംഗപ്പെടുത്തി ആഭരണങ്ങള്‍ കവർന്ന കേസും ഇയാളുടെ പേരിലുണ്ട്. ആ വർഷംതന്നെ മുസ്ലിയാരങ്ങാടിയില്‍ വീടിന്റെ വാതില്‍ കത്തിച്ച്‌ അകത്തുകയറി സ്ത്രീയെ ആക്രമിച്ച്‌ കവർച്ചനടത്തിയതിനും കേസുണ്ട്. ഇരുപതാമത്തെ വയസ്സില്‍ കൊലപാതകക്കേസില്‍ പ്രതിയായിരുന്നെങ്കിലും കോടതി വെറുതെവിട്ടിരുന്നു. തിരൂരില്‍ ജൂവലറി ഉടമയായിരുന്ന ഗണപതിയെ വധിച്ച കേസായിരുന്നു അത്.

Back to top button
error: