പ്രാതല്‍ കഴിച്ചില്ലെങ്കില്‍ വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചില്ലറയുമല്ല.
അതേസമയം പ്രാതല്‍ എന്തെങ്കിലും കഴിച്ചിട്ടു ഗുണമില്ല.ആരോഗ്യകരമായ ഭക്ഷണമെന്നത് ഇവിടെ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.ആരോഗ്യകരായ ഭക്ഷണങ്ങള്‍ നമ്മള് മലയാളികള്‍ക്കിടയിലുണ്ട്.കേരളത്തിന്റെ തനതായ ഭക്ഷണങ്ങള്‍.നോക്കാം ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങള്‍. ഏതൊക്കെയാണെന്ന്.
ഇഡ്ഡലിയും സാമ്പാറും
ഏറ്റവും ജനപ്രിയവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഇഡ്ഡലി.അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. രുചിയുടെ കാര്യത്തിലും ആവിയിൽ ഉണ്ടാക്കിയെടുക്കുന്ന ആഹാരം എന്ന നിലയിലും ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്.
ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ ഇഡ്ഡലിയിൽ അടങ്ങിയിട്ടുണ്ട്. സാമ്പാറിൽ ധാരാളം പച്ചക്കറികൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണമാണ് ഇഡ്ഡലി – സാമ്പാർ
പുട്ടും കടലയും
രാവിലെ കഴിയ്ക്കാവുന്ന ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തില്‍ ഒന്നാണ് പുട്ടും കടലയും.മലയാളികളുടെ തനതായ വിഭവം.ആവി പറക്കുന്ന പുട്ടും ചൂടു കടലക്കറിയും നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ ധാരാളമാണ്.ഇവ രണ്ടും ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വൈറ്റമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പല ഘടകങ്ങളും ശരീരത്തിന് ലഭിയ്ക്കുന്നു.
ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണമായതു കൊണ്ടു തന്നെ പല ആരോഗ്യ ഗുണങ്ങളും ഒരുമിക്കുന്ന ഒന്നാണ് പുട്ട്. എണ്ണയുപയോഗിയ്ക്കാതെ പാചകം ചെയ്യുന്നതു കൊണ്ടു തന്നെ ഏറെ ആരോഗ്യകരമാണ് ഇത്.കടലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് ഇതുകൊണ്ടുതന്നെ ഇത് നല്ല ദഹനത്തിനും സഹായിക്കുന്ന ഒന്നാണ്. ഇതില്‍ സോലുബിള്‍ ഫൈബറാണ് ഉള്ളത്. ഇതാണ് കൂടുതല്‍ സഹായകമാകുന്നത്. വയറിലെ ആരോഗ്യകരമായ ബാക്ടീരിയകള്‍ക്ക് ഇത് ഏറെ നല്ലതുമാണ്. കോളന്‍ ക്യാന്‍സര്‍, ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം എന്നിവയ്ക്ക് ഇതേറെ ഗുണം നല്‍കും. നല്ല ശോധന നല്കുന്ന ഒന്നു കൂടിയാണിത്.
നേന്ത്രപ്പഴം പുഴുങ്ങിയത്
മലയാളികളുടെ തീന് മേശയില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള ഒന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം.
ആറ് മാസമുള്ള കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ കഴിക്കാവുന്ന നേന്ത്രപ്പഴത്തിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരുന്നതല്ല.
നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം എന്നിവയിലും സമ്പുഷ്ടമാണ് നേന്ത്രപ്പഴം..
പ്രമേഹ രോഗികള്‍ക്കുള്‍പ്പെടെ എല്ലാവര്ക്കും ഏറെ നല്ലതാണ് ഇത് അധികം പഴുക്കാത്ത പഴം പുഴുങ്ങി കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇതില്‍ റെസിസ്റ്റന്‍സ് സ്റ്റാര്‍ച്ചിന്റെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളത്. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗത്തിന് ഭീഷണിയുമല്ല.
ചെറുപയർ പുഴുങ്ങിയത്
ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പയര്‍ വയര്‍ഗങ്ങള്‍ ഏറെ ആരോഗ്യം നല്കുന്നവയാണ്.പയര്‍ വര്‍ഗങ്ങളില്‍ തന്നെ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് ചെറുപയര്‍. ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. അല്പം ഉപ്പിട്ട് , വേണമെങ്കിൽ തേങ്ങപ്പീരയും ചേർത്ത് പുഴുങ്ങി കഴിയ്ക്കാം.
വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് വേവിച്ച ചെറുപയര്‍. ദഹനം എളുപ്പമാക്കും. ഇതിലെ നാരുകളാണ് ഗുണം നല്‍കുന്നത്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഇത് മലബന്ധം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.
ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു തടയിടാം. ടോക്സിനുകള്‍ നീക്കുന്നതിനാല്‍ ലിവര്‍, കിഡ്നി ആരോഗ്യത്തെ ഇത് സഹായിക്കുകയും ചെയ്യും.
പഴങ്കഞ്ഞി
പഴങ്കഞ്ഞി സ്വാദിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും കേമനാണ്. ഇതിനാൽ തന്നെയാണ്, പണ്ടു കാലത്ത് പാടത്തും പറമ്പിലും എല്ലു മുറിയെ പണിയെടുത്തിരുന്ന ഒരു തലമുറയുടെ കാലത്ത് ഇതേറ്റവും ആസ്വാദ്യകരമായ ഭക്ഷണമായതും.
തലേന്ന് എടുത്തു വച്ച പുത്തരി കഞ്ഞിയിൽ തൈരോ മോരോ ചേർത്ത് പച്ചമുളകും ചെറിയുള്ളിയും ഇഞ്ചിയും കറിവേപ്പിലയുമെല്ലാം ഞെരടിച്ചേർത്ത് പാകത്തിന് ഉപ്പുമിട്ട് കഴിയ്ക്കുന്ന സുഖവും രുചിയുമെല്ലാം പല ഫൈവ്സ്റ്റാർ ബ്രേക്ഫാസ്റ്റിന് പോലും ലഭിയ്ക്കാൻ സാധ്യത കുറവാണ്.
വേനല്‍ക്കാലത്ത് ശരീരവും ഒപ്പം വയറും തണുക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണ വസ്തുവാണ് പഴങ്കഞ്ഞി. വയറിനുണ്ടാകുന്ന അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണിത്. ചോറ് വെള്ളത്തിലിട്ടു വയ്ക്കുമ്പോള്‍ സെലേനിയം, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ ലഭ്യമാകുന്നു. സെലേനിയം ക്യാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. അയേണ്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ വിളര്‍ച്ച ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ബ്രെസറ്റ് ക്യാന്‍സര്‍ ചെറുക്കാന്‍ ഇതേറെ ഗുണപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്.
പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലുണ്ടാകുന്ന പല രോഗങ്ങള്‍ക്കും പരിഹാരമാണിത്. വേനലില്‍ ചര്‍മത്തിലുണ്ടാകുന്ന ചൂടുകുരു, അലര്‍ജി എന്നിവയ്ക്ക് ഏറെ നല്ലൊരു പ്രതിവിധി കൂടിയാണ് പഴങ്കഞ്ഞി.