SportsTRENDING

ദിമിത്രിയോസിനായി വലയെറിഞ്ഞ് മൂന്ന് ക്ലബ്ബുകള്‍; ആരാധകര്‍ക്ക് ആശങ്ക

കേരള ബ്ലാസ്റ്റേഴ്സില്‍ മിന്നുംഫോമിലുള്ള കളിക്കാരനാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ്. ഈ സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍.

15 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാമതുള്ള ഒഡീഷ എഫ്.സിയുടെ റോയ് കൃഷ്ണയുടെ പേരിലും 12 ഗോളുകള്‍ ഉണ്ടെങ്കിലും താരം 18 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ അടിച്ചത്.

 

ഇപ്പോഴിതാ ദിമിയെച്ചുറ്റിപ്പറ്റി, ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒട്ടും ദഹിക്കാത്തൊരു വാർത്ത വന്നിരിക്കുന്നു. താരം ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്നതാണത്. മൂന്ന് ക്ലബ്ബുകളാണ് ദിമിയുടെ പിന്നാലെ കൂടിയിരിക്കുന്നത്. 2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിക്കും. ഇക്കാര്യം മുന്നില്‍ക്കണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നിവരാണ് ദിമിയെ സ്വന്തക്കാൻ നീക്കങ്ങള്‍ നടത്തുന്നത്.

 

2022 – 2023 ഐ എസ് എല്‍ സീസണിനു മുന്നോടിയായാണ് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബില്‍ എത്തിയത്. ഒരു വർഷ കരാറില്‍ ആയിരുന്നു താരത്തിന്റെ വരവ്. ആദ്യ സീസണില്‍ മികവ് പുലർത്തിയ താരത്തിന്റെ കരാർ, കേരള ബ്ലാസ്റ്റേഴ്സ് ഒരു സീസണിലേക്ക് കൂടി നീട്ടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് താരം ഈ‌ സീസണിൽ പുറത്തെടുത്തിരിക്കുന്നത്.

 

2022 – 2023 സീസണില്‍ ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിനായി 10 ഗോളും മൂന്ന് അസിസ്റ്റും നടത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ ഇതുവരെ ആകെ 42 മത്സരങ്ങള്‍ കളിച്ച ഈ  സ്ട്രൈക്കർ 27 ഗോള്‍ നേടുകയും ഏഴ് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഒരു താരത്തെ കൈവിടുന്നത് ബ്ലാസ്റ്റേഴ്സന് വന്‍ നഷ്ടം തന്നെയാണ്. ലഭിക്കുന്ന ടീമുകള്‍ക്കാകട്ടെ, ലോട്ടറിയും !

 

അതേസമയം താരം  ഈ ഓഫറുകളൊന്നും സ്വീകരിച്ചതായി സ്ഥിരീകരണമില്ല.നാട്ടിലേക്ക് തന്നെ തിരിച്ചു പോകാനാണ്  ഇഷ്ടമെന്നാണ് ദിമിത്രിയോസ് നൽകുന്ന സൂചന.അടുത്ത സീസണില്‍ സ്വദേശമായ ഗ്രീസിലെ ലീഗുകളില്‍ കളിച്ച്‌ നാട്ടില്‍ തന്നെ നില്‍ക്കാനാണ് താല്പര്യമെന്ന് അദേഹം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ അറിയിച്ചെന്നാണ് വിവരം. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്.

 

ഇന്ത്യയില്‍ വലിയ കാലയളവ് നില്‍ക്കേണ്ടി വരുന്നത് വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് ദിമിയുടെ പക്ഷം. അതുകൊണ്ടു തന്നെയാണ് മുംബൈ സിറ്റി ഉള്‍പ്പെടെയുള്ള ക്ലബുകളുടെ വലിയ ഓഫര്‍ അദേഹം വേണ്ടെന്നുവയ്ക്കുന്നതും.

അസാധ്യമായ ഫിനിഷിംഗ് മികവാണ് താരത്തെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ദിമിയുടെ മികവാണ് ഈ സീസണില്‍ പലപ്പോഴും ബ്ലാസ്റ്റേഴ്സിന് രക്ഷയായിട്ടുള്ളതും.2012 മുതല്‍ തുടങ്ങിയ പ്രെഫഷണല്‍ കരിയറില്‍ ദിമിക്ക് ഏറ്റവും മികച്ച റിക്കാര്‍ഡുള്ള ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിലാണ്. 42 കളികളില്‍ നിന്ന് 27 ഗോളുകളാണ് താരം കേരള ക്ലബിനായി അടിച്ചു കൂട്ടിയിട്ടുള്ളത്. 50ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

Back to top button
error: