KeralaNEWS

ബിജെപിയിലേക്ക് കൂട്ട കാലുമാറല്‍,  കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള കൂട്ടകാലുമാറലില്‍ നിരാശ പ്രകടിപ്പിച്ച്‌ മുസ്ലീം ലീഗ്.

കേരളത്തിന് പുറത്ത് മുന്‍ മുഖ്യമന്ത്രിമാരും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്മാരായവരും എംപിമാരും എംഎല്‍എമാരുമെല്ലാം ബിജെപിയിലേക്ക് പോകുന്നത് പതിവാകുന്നതിനിടെയാണ് കേരളത്തിലും കാലുമാറല്‍ തകൃതിയായത്.

Signature-ad

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയത് കഴിഞ്ഞദിവസമാണ്. ഇതിന് പിന്നാലെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ബിജെപിയിലെത്തിയിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന തമ്ബാനൂര്‍ സതീഷ് തുടങ്ങിയവര്‍ വ്യാഴാഴ്ച ബിജെപി അംഗത്വമെടുത്തു. ഇവര്‍ക്കു പുറമെ ഡിസിസിയുടെ മുന്‍ ഭാരവാഹികളും ബിജെപി അംഗത്വം സീകരിക്കും.

കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായ അപചയത്തില്‍ ഏറ്റവുമധികം നിരാശ മുസ്ലീം ലീഗിനാണ്. പതിറ്റാണ്ടുകളായി ലീഗ് കോണ്‍ഗ്രസിനൊപ്പം യുഡിഎഫില്‍ അടിയുറച്ച്‌ നില്‍ക്കുന്നു. എന്നാല്‍, മുസ്ലീം സമുദായത്തിന്റെ വിശ്വാസ്യത കാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് ലീഗ് അണികളില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ ബാധിക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. മലബാറില്‍ മുസ്ലീംലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ കാലുവാരുമോ എന്ന ഭയമാണ് കോണ്‍ഗ്രസിന്. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലെത്താന്‍ ഇപ്പോഴത്തെ കൊഴിഞ്ഞുപോക്ക് കാരണമാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ലീഗിന്റേയും ന്യൂനപക്ഷത്തിന്റേയും വോട്ടുകള്‍ യുഡിഎഫിന് നിര്‍ണായകമാകും. ഈ മണ്ഡലങ്ങളില്‍ വോട്ടുമറിക്കുമെന്ന് ലീഗ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കുമ്ബോള്‍ കോണ്‍ഗ്രസിന് ഭയക്കാതെ തരമില്ല.

Back to top button
error: