പാലക്കാട്: ലഹരിക്കേസില്‍ എക്സൈസിന്റെ പിടിയിലായ ഇടുക്കി സ്വദേശി ഷോജോ ജോണിനെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സി.സി.ടി.വി. ദൃശ്യവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാവും. സംഭവം ആത്മഹത്യയാണോ, കുടുംബം ആരോപിക്കുംപോലെ കസ്റ്റഡിമരണമാണോ എന്ന് സ്ഥിരീകരിക്കുന്നതിന് ഇതിലെ തെളിവുകള്‍ പുറത്തുവരേണ്ടതുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വ്യാഴാഴ്ച സ്ഥലത്ത് പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കാനായിട്ടില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പറഞ്ഞു. കെല്‍ട്രോണിലെ ഉദ്യോഗസ്ഥരുടെ സഹായംകൂടി ഇതിന് ആവശ്യമുണ്ടെന്നും വെള്ളിയാഴ്ച ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍, മരണം നടന്ന സ്ഥലവും സി.സി.ടി.വി. പരിസരവും പോലീസ് സീല്‍ചെയ്തിട്ടുണ്ട്. കസ്റ്റഡിമരണക്കേസില്‍ മൂന്ന് ഡോക്ടര്‍മാരുടെ വിദഗ്ധസംഘമാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കേണ്ടത്. അതിനാല്‍, ജില്ലാ ആശുപത്രിയില്‍നിന്ന് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടക്കും.
അതേസമയം, ഷോജോയുടെ മരണത്തില്‍ പകച്ചുനില്‍ക്കുകയാണ് കുടുംബം. അഞ്ചുമാസം മാത്രമായ കുട്ടിയുള്‍പ്പെടെ മൂന്ന് പെണ്മക്കളുണ്ട് ഷോജോ ജോണിന്. വര്‍ഷങ്ങളായി പാലക്കാട് കാടാങ്കോട്ടിലുള്ള വാടകവീട്ടിലാണ് ഇവരുടെ താമസം. ലോറി ഡ്രൈവറായ ഷോജോ ജോണ്‍ മുമ്പൊരിക്കലും ഇത്തരം കേസുകളില്‍ കുടുങ്ങിയിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭാര്യ ജ്യോതി പറയുന്നു.
‘ഇതിനുമുമ്പ് ഇങ്ങനെയൊരു കേസിലും ഭര്‍ത്താവ് പെട്ടിട്ടില്ല. ആദ്യമായിട്ടാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഭര്‍ത്താവ് വീട്ടില്‍വന്നത്. അതിനുപിന്നാലെ കുറച്ച് എക്സൈസ് ഉദ്യോഗസ്ഥരും വന്നു. ഞാനും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോയി സംസാരിച്ചു. ശേഷം ഒരു നീലബാഗിന്റെ കാര്യംപറഞ്ഞു. തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. പിന്നീട് ഒരു ബാഗില്‍നിന്ന് അവര്‍ ലഹരിമരുന്നെടുക്കുന്നത് കണ്ടു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ അവര്‍ കൊണ്ടുപോയി,’ -ജ്യോതി പറഞ്ഞു.
‘രാവിലെ ഏഴുമണിക്കുവിളിച്ച് ഷോജോ ആത്മഹത്യചെയ്തു എന്ന് അറിയിക്കുകയായിരുന്നു. ആത്മഹത്യ ചെയ്തതാണെങ്കില്‍ അത് ഉദ്യോഗസ്ഥര്‍ കാണില്ലേ. അവിടെ ഡ്യൂട്ടിക്ക് ആളുകളുണ്ടല്ലോ. അവര്‍ പറയുന്നതൊന്നും വിശ്വസിക്കാനാവുന്നില്ല,’ – ജ്യോതി പറഞ്ഞു. ഷോജോയുടെ വരുമാനത്തിലാണ് മുന്നോട്ടുപോയിരുന്നതെന്നും തുണികള്‍ തയ്ച്ചുനല്കി വല്ലപ്പോഴും താനും വരുമാനം കണ്ടെത്താറുണ്ടെന്നും ജ്യോതി പറഞ്ഞു.