ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ ഇന്നു ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഇവരുടെ പേരുകള്‍ രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്തത്. അധീറിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂര്‍ണ സജ്ജമായെന്ന് കമ്മിഷന് അംഗങ്ങള്‍ ചുമതലയേറ്റതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന് വക്താവ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പു തീയതികള്‍ ഇന്നു പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. ഏഴു ഘട്ടങ്ങളിലായാവും തിരഞ്ഞെടുപ്പെന്നാണ് വിവരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു കമ്മിഷന് അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. ഈ ആഴ്ച ജമ്മു കശ്മീര്‍ പര്യടനത്തോടെയാണ് ഇത് അവസാനിപ്പിച്ചത്.
ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് പുരോഗമിക്കുകയാണ്. ബിജെപി 257 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് 82 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണു പ്രഖ്യാപിച്ചത്. 543 ലോക്സഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.