പാലക്കാട്: ഹാഷിഷ് ഓയില്‍ കടത്തിയ കേസിലെ പ്രതിയെ എക്സൈസിന്റെ പാലക്കാട് സര്‍ക്കിള്‍ ഓഫീസിലെ ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്.
രണ്ട് കിലോ ഹാഷിഷ് ഓയില്‍ കടത്തിയതിന് ചൊവ്വാഴ്ചയാണ് ഷോജോയെ എക്സൈസ് സംഘം പാലക്കാട് കാടാങ്കോടിലെ വീട്ടില്‍നിന്നു അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ലോക്കപ്പ് സംവിധാനമുള്ള പാലക്കാട് സര്‍ക്കിള്‍ ഓഫീസിലേക്ക് മാറ്റി. രാവിലെ സെല്ലിന്റെ അഴിക്കിടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് എക്സൈസ് പറയുന്നത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഷോജോയുടെ ഭാര്യ ആരോപിച്ചു. ഷോജോയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ കുറ്റം സമ്മതിച്ചിരുന്നു. മര്‍ദിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം ഉണ്ടാകണമെന്നും ഭാര്യ ആവശ്യപ്പെട്ടു. അതിനിടെ, സിസിടിവി നിരീക്ഷണം ഉള്ളതിനാല്‍ ദുരൂഹതയുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്നും പരിശോധിക്കാവുന്നതാണെന്ന് എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.