CrimeNEWS

സായാഹ്ന സവാരിക്കിറങ്ങിയ ജഡ്ജിക്ക് നേരെ നായ കുരച്ചുചാടി; പത്തനംതിട്ടക്കാരന്‍ കൊച്ചിയില്‍ ‘പെട്ടു’

കൊച്ചി:കുരച്ചുചാടുന്ന വളര്‍ത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട എരിമറ്റൂര്‍ സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടത്.

മറൈന്‍ഡ്രൈവിലെ അബ്ദുള്‍കലാം മാര്‍ഗില്‍ ആള്‍ത്തിരക്കുള്ള നടപ്പാതയിലാണ് കുരച്ചുചാടുന്ന വളര്‍ത്തുനായയുമായി യുവാവ് സായാഹ്നസവാരിക്കിറങ്ങിയത്. നടക്കുന്നവരുടെ മുന്നിലേക്ക് പലതവണ കുതിച്ചുചാടിയ നായയെ മാറ്റാനാവശ്യപ്പെട്ടിട്ടും വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് അജു ജോസഫിനെതിരെ കേസെടുത്തത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനും നടക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വിഷയത്തിലിടപെടാന്‍ ജഡ്ജി ഗണ്‍മാനോട് ആവശ്യപ്പെടുകയായിരുന്നു.

Signature-ad

ചൊവ്വാഴ്ച വൈകിട്ട് 6.45-നാണ് സംഭവം. നായയുടെ ബെല്‍റ്റില്‍ അജു പിടിച്ചിട്ടുണ്ടെങ്കിലും എതിരേ ആളുകള്‍ നടന്നുവരുമ്പോള്‍ പലവട്ടം കുരച്ചുചാടി. പലരും ഒഴിഞ്ഞുമാറി. ആളുകള്‍ക്ക് ഭീഷണിയാണെന്ന് ഒരാള്‍ മുന്നറിയിപ്പ് നല്‍കി. മറ്റാളുകളും നായയുമായി നടക്കാറുണ്ടെന്നും താന്‍ വന്നപ്പോള്‍ മാത്രം എന്താണ് പ്രശ്നമെന്നുമായിരുന്നു മറുചോദ്യം.

ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിര്‍ദേശപ്രകാരം യൂണിഫോമിലുള്ള ഗണ്‍മാന്‍ കിഷോര്‍ ആള്‍ത്തിരക്കുള്ളയിടത്ത് നായയുമായി നടക്കുന്നതിലെ പ്രശ്നം പറഞ്ഞു. ഇത് ഗൗനിക്കാതെ തര്‍ക്കം തുടര്‍ന്ന അജു, ഗണ്‍മാന്‍ പറയുന്നത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇതോടെ പൊലീസ് സ്ഥലത്തെത്തി അജുവിനെ കസ്റ്റഡിയിലെടുത്തു. ജനങ്ങള്‍ക്കും ഹൈക്കോടതി ജഡ്ജിക്കും അപകടംവരുത്തുംവിധം പട്ടിയെ അഴിച്ചുവിട്ട് ജീവന് ഭീഷണിയുണ്ടാക്കിയെന്നകാര്യം ചൂണ്ടിക്കാട്ടി മൃഗങ്ങളെ അലക്ഷ്യമായി കൊണ്ടുനടന്നതിനാണ് അജുവിനെതിരെ കേസെടുത്തത്.

 

Back to top button
error: