IndiaNEWS

ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി

ന്യൂഡല്‍ഹി: ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കാണാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. എന്നാല്‍ തന്റെ കുടുംബത്തില്‍നിന്ന് മാറി മറ്റൊരിടത്ത് ജീവിക്കണമെന്ന് ഭര്‍ത്താവിനോട് ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചന ഹര്‍ജി തള്ളിയ കുടുംബകോടതിയുടെ ഉത്തരവിനെതിരായ ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

വിവാഹജീവിതത്തില്‍, ഉത്തരവാദിത്വങ്ങള്‍ പങ്കിടുന്നതിന്റെ ഭാഗമായി ഭാര്യ ഗാര്‍ഹിക ജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ഒരു ക്രൂരതയായി കാണാനാകില്ല. ഭര്‍ത്താവ് സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമ്പോള്‍ ഭാര്യ ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത് പതിവാണ്. വിവാഹിതയായ സ്ത്രീയോട് വീട്ടുജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് വീട്ടുജോലിക്കാരിയോട് ആവശ്യപ്പെടുന്നതുപോലെയല്ല. വിവാഹിത, വീട്ടുജോലികള്‍ ചെയ്യുന്നത് തന്റെ കുടുംബത്തോടുള്ള സ്നേഹവും കരുതലുമായാണ് കണക്കാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

Signature-ad

ഭാര്യ വീട്ടുജോലികള്‍ ചെയ്യാറില്ലെന്നും ഭര്‍തൃവീട്ടിലെ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാറില്ലെന്നും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, തന്റെ വീട്ടില്‍നിന്ന് മാറി താമസിക്കണമെന്ന് ഭാര്യയും അവരുടെ കുടുംബവും നിര്‍ബന്ധിച്ചിരുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

മറ്റു വരുമാനമില്ലാത്ത, പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്വമാണെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിവാഹശേഷം സ്വന്തം വീട്ടില്‍നിന്ന് മാറി താമസിക്കുക എന്നത് ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം അഭികാമ്യമായ സംസ്‌കാരമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ജിക്കാരനായ ഭര്‍ത്താവിന് തന്റെ ഭാര്യയില്‍നിന്ന് ക്രൂരതകള്‍ ഏറ്റുവാങ്ങേണ്ടിവന്നതായി കണ്ടെത്താന്‍ സാധിച്ചതായി കോടതി വ്യക്തമാക്കി. അതിനാല്‍ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കി, ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.

Back to top button
error: