KeralaNEWS

പി.സിയോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് അമര്‍ഷം; അനുനയിപ്പിക്കാന്‍ അനില്‍ നേരിട്ടെത്തും

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് പി.സി. ജോര്‍ജിനെ അനുനയിപ്പിക്കാന്‍ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങും മുന്‍പ് പി.സി. ജോര്‍ജിനെ നേരിട്ടു കാണാനുള്ള നീക്കത്തിലാണ് അനില്‍. ബിജെപി നേതൃത്വത്തിന്റെ കൂടി നിര്‍ദ്ദേശപ്രകാരമാണ് അനില്‍ ആന്റണി പി.സി. ജോര്‍ജിനെ നേരിട്ടു കാണുന്നതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന അനില്‍ ആന്റണി, കോട്ടയത്തെത്തി ബിജെപി ജില്ലാ നേതാക്കളെയും കൂട്ടിയാകും പി.സി. ജോര്‍ജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണുക.

അതേസമയം, പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങള്‍ തേടി. പി.സി. ജോര്‍ജിന്റെ പരസ്യ പ്രതികരണങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. തനിക്ക് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടാന്‍ കാരണം വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്ന പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ എന്‍ഡിഎ ഘടകകക്ഷി കൂടിയായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെയും പരാതി അറിയിച്ചിട്ടുണ്ട്.

Signature-ad

അതിനിടെ, അനില്‍ ആന്റണിക്ക് സീറ്റ് നല്‍കിയതിനെതിരെ പത്തനംതിട്ട ബിജെപിയിലും പരസ്യ പ്രതിഷേധം ഉയര്‍ന്നിരുന്നു. നേതൃത്വത്തെ വിമര്‍ശിച്ച് ബിജെപി ജില്ലാ നേതാവ് സമൂഹമാധ്യമത്തില്‍ പോസ്റ്റിടുകയും ചെയ്തു. അനിലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിതൃശൂന്യനടപടിയെന്നു വിശേഷിപ്പിച്ച കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതു മുതല്‍ പലതവണ പി.സി. ജോര്‍ജ് തന്റെ അനിഷ്ടം പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവര്‍ത്തിച്ച തുഷാര്‍ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കുമെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചിരുന്നു.

പത്തനംതിട്ടയില്‍ താന്‍ സ്ഥാനാര്‍ഥിയാകണമെന്ന് എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള എന്‍ഡിഎയിലെ നേതാക്കള്‍ ആഗ്രഹിച്ചിരുന്നുവെന്നായിരുന്നു പി.സി. ജോര്‍ജിന്റെ മറ്റൊരു പരാമര്‍ശം. അനില്‍ ആന്റണി ചെറുപ്പമാണെങ്കിലും അദ്ദേഹത്തെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്താന്‍ കുറച്ചധികം സമയമെടുക്കും. എ.കെ. ആന്റണിയുടെ മകനാണെന്ന വിലാസമുണ്ടെങ്കിലും, ആന്റണി കോണ്‍ഗ്രസുകാരനാണ്. മകന് അപ്പന്റെ പിന്തുണയില്ല എന്നത് പ്രശ്‌നമാണ്. എ.കെ.ആന്റണി പരസ്യമായി അനില്‍ ആന്റണിക്ക് പിന്തുണ കൊടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി എളുപ്പമാകുമായിരുന്നു. താന്‍ സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ ഓടുന്നതില്‍ കൂടുതല്‍ അനില്‍ ആന്റണി ഓടേണ്ടി വരും എന്നിങ്ങനെയായിരുന്നു ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍.

Back to top button
error: