KeralaNEWS

കുമ്മനവും കൃഷ്ണദാസും അടക്കം മുതിര്‍ന്ന നേതാക്കള്‍ പുറത്ത്? യുവരക്തങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ ബിജെപി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആക്കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, സികെ പത്മനാഭന്‍, മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെ സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന് റിപ്പോര്‍ട്ട്.

കേന്ദ്രമന്ത്രി വി മുരളീധരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരെ മാത്രമാണ് മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്. മത്സരത്തില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭയെ ഏതു മണ്ഡലത്തില്‍ മത്സരിപ്പിക്കും എന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു.

Signature-ad

നിലവില്‍ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ചാണ് പാര്‍ട്ടിയില്‍ അന്തിമ ധാരണയായത്. ഇതു പ്രകാരം ആറ്റിങ്ങലില്‍ വി മുരളീധരനും, തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറും ബിജെപി സ്ഥാനാര്‍ത്ഥികളാകും. കോഴിക്കോട് മണ്ഡലത്തിലേക്ക് യുവ വനിതാ നേതാവിനെയാണ് പരിഗണിക്കുന്നത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ബിജെപി മസ്ദൂര്‍ മഹാസംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ നവ്യ ഹരിദാസാണ് സജീവ പരിഗണനയിലുള്ളത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബംഗലൂരു നോര്‍ത്ത് മണ്ഡലം ലഭിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുതിര്‍ന്ന നേതാക്കളെ മാറ്റി പുതുമുഖങ്ങളെ അവതരിപ്പിച്ച് മാറ്റത്തിന് വഴി തുറക്കാനാണ് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്. മാവേലിക്കര, കോട്ടയം, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളില്‍ ബിഡിജെഎസ് മത്സരിക്കും.

Back to top button
error: