മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിലെ അവസാന പന്തില്‍ സിക്സറടിച്ച് മുംബൈയെ വിജയത്തിലെത്തിച്ച താരമാണ് വയനാട്ടുകാരി സജന സജീവന്‍. ഇപ്പോഴിതാ മുംബൈയില്‍ ആരാധകര്‍ക്കൊപ്പം പാട്ടുപാടിയും ശ്രദ്ധേയയാരിക്കുകയാണ് ഈ 26 കാരി. കലാഭവന്‍ മണിയുടെ ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍…’ എന്ന് തുടങ്ങുന്ന പാട്ടാണ് സജന ആലപിച്ചത്. കാണികളില്‍ ഒരാള്‍ക്കൊപ്പമാണ് വേദിയെ ഇളക്കിമറിച്ചത്. വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹിക്കെതിരെയാണ് അവസാന പന്തില്‍ സിക്സറടിച്ച് ഈ ഓള്‍റൗണ്ടര്‍ ടീമിനെ വിജയത്തിലെത്തിച്ചത്. ഇതോടെ ടീമിന്റെ ഫിനിഷറുടെ റോളും മലയാളിതാരം ഉറപ്പിച്ചു.
മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മലയാളം പാട്ടെത്തിയത്. മൈക്ക് കയ്യിലെടുത്ത സജന സദസില്‍ ആരെങ്കിലും മലയാളികളുണ്ടോയെന്ന് അന്വേഷിക്കുകയായിരുന്നു. ആരാധകരില്‍ ഒരാള്‍ എഴുന്നേറ്റു നിന്നു. അവരെ വേദിയിലേക്ക് ക്ഷണിക്കുകയും പാട്ട് പാടാന്‍ ഒപ്പം നിര്‍ത്തുകയുമായിരുന്നു. പിന്നീട് കണ്ടത് സദനിനെ ഇളക്കിമറിക്കുന്ന കലാഭവന്‍മണിയുടെ പാട്ട്. മുംബൈ ടീമിലെ വിദേശതാരങ്ങളടക്കമുള്ളവര്‍ പാട്ടിന് താളം പിടിക്കുകയും ചെയ്തു.
View this post on Instagram
നേരത്തെ, ഡല്‍ഹിക്കെതിരായ മിന്നും പ്രകടനത്തെ തുടര്‍ന്ന് മുബൈ വനിതാ ടീമിന്റെ പൊള്ളാര്‍ഡെന്നാണ് സഹതാരങ്ങള്‍ വിശേഷിപ്പിച്ചത്. നേരത്തെ ബാറ്റുകൊണ്ട് ഹീറോയായ മലയാളി താരമിപ്പോള്‍ പാട്ടുപാടിയും മുംബൈ ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ്.