കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വ്യക്തിപരമായി പരാതിയുള്ളവര്‍ക്കു ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയായിരുന്നു ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ തുടങ്ങിയവരുടെ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും അധ്യാപകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പൊതുസ്ഥലംമാറ്റ ഉത്തരവ് വന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ സ്‌കൂളില്‍നിന്ന് വിടുതല്‍ തേടിയിരുന്നു. എന്നാല്‍, ട്രൈബ്യൂണല്‍ വിധി വന്നതോടെ ഇവര്‍ക്കു പുതിയ സ്‌കൂളില്‍ ഹാജരാകാനാവാത്ത സാഹചര്യമാണു നിലവിലുള്ളതെന്നായിരുന്നു സര്‍ക്കാര്‍ വാദം. സ്ഥലംമാറ്റത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചത് 24 അധ്യാപകര്‍ മാത്രമാണ്. അതില്‍ത്തന്നെ 9 പേര്‍ മാത്രമാണ് സ്ഥലംമാറ്റത്തിനു മുന്നോടിയായി താല്‍കാലിക ലിസ്റ്റില്‍ എതിര്‍പ്പ് ഉന്നയിച്ചത് എന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.