CrimeNEWS

കാര്യവട്ടം ക്യാമ്പസിനുള്ളിലെ അസ്ഥികൂടം; ഡ്രൈവിങ് ലൈസന്‍സ് കണ്ടെത്തി

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഡ്രൈവിങ് ലൈസന്‍സ് കണ്ടെത്തി. തലശ്ശേരി സ്വദേശിയായ 39 വയസ്സുള്ള അവിനാശ് ആനന്ദിന്റെ പേരിലുള്ള ലൈസന്‍സാണ് ലഭിച്ചത്. അസ്ഥികൂടം ഇയാളുടേതാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

അസ്ഥികൂടം പുരുഷന്റേതാണെന്ന് നേരത്തേ പൊലീസ് അറിയിച്ചിരുന്നു. വാട്ടര്‍ ടാങ്കിനുള്ളില്‍നിന്ന് ഷര്‍ട്ടും പാന്റും ടൈയ്യും തൊപ്പിയും കണ്ടെത്തിയിരുന്നു. അസ്ഥികൂടം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തും. വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റാനാണ് തീരുമാനം.

Signature-ad

ഇന്നലെയാണ് കാര്യവട്ടം ക്യാമ്പസിനുള്ളിലെ ബോട്ടിണി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള വാട്ടര്‍ ടാങ്കില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന വാട്ടര്‍ ടാങ്കിനുള്ളിലായിരുന്നു അസ്ഥികൂടം.

പൊലീസും ഫയര്‍ഫോഴ്‌സും ഫോറന്‍സിക്കും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. അസ്ഥികൂടത്തിന് ഒരു വര്‍ഷത്തിലധികം പഴക്കമുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അസ്ഥികൂടം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയെന്ന് പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ക്യാമ്പസിനുള്ളിലെ കുറ്റിക്കാട്ടില്‍നിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു.

 

Back to top button
error: