CrimeNEWS

വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥിയുടെ ദുരൂഹ മരണം; ഒന്നാംപ്രതി അഖില്‍ അറസ്റ്റില്‍

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനപ്രതി പിടിയില്‍. മുഖ്യപ്രതി അഖിലിനെ പാലക്കാട്ടുനിന്നാണു കസ്റ്റഡിയിലെടുത്തത്. 2-ാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാര്‍ഥന്‍ (20) ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവും മാനസിക പീഡനങ്ങളും നേരിട്ടാണു മരിച്ചത്.

സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗമടക്കം 6 പേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കല്‍മേട് സ്വദേശി എസ്.അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ് (20), എസ്.ഡി.ആകാശ് (22), ആര്‍.ഡി.ശ്രീഹരി, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബില്‍ഗേറ്റ്‌സ് ജോഷ്വ (23) എന്നിവരാണു പിടിയിലായത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

Signature-ad

വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റലില്‍നിന്നു 8 പേരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നു. ഇവരില്‍ 6 പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍, കോളജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരടക്കം 12 പേര്‍ ഒളിവിലാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒളിവില്‍പോയ പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികളായ 4 എസ്എഫ്‌ഐക്കാരെ സംഘടനയില്‍നിന്നു പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പറഞ്ഞു.

ഹോസ്റ്റലിലെ 130 വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്‌നനാക്കിയായിരുന്നു മര്‍ദനം. 2 ബെല്‍റ്റുകള്‍ മുറിയുന്നതു വരെ മര്‍ദിച്ചു. തുടര്‍ന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. സിദ്ധാര്‍ഥനെ മര്‍ദിച്ചതടക്കമുള്ള കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റല്‍ വാര്‍ഡനും അറിയാമായിരുന്നെന്നും ആരോപണമുണ്ട്.

Back to top button
error: