IndiaNEWS

തമിഴ്‌നാട് സര്‍ക്കാരിന്റെ പരസ്യത്തില്‍ ചൈനീസ് റോക്കറ്റ്; രൂക്ഷവിമര്‍ശവുമായി പ്രധാനമന്ത്രി

ചെന്നൈ: ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉള്‍പ്പെടുത്തി ഐ.എസ്.ആര്‍.ഒയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യം പുറത്തുവിട്ട തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കുലശേഖരപട്ടണത്തില്‍ പുതുതായി തുടങ്ങുന്ന ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ തറകല്ലിടല്‍ ചടങ്ങിനു മുന്നോടിയായി ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണനായിരുന്നു പരസ്യം പുറത്തുവിട്ടത്.

പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി മുന്‍ മുഖ്യമന്ത്രി കരുണാനിധിയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീര്‍ത്തിക്കുന്നതായിരുന്നു പരസ്യം. എന്നാല്‍, ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ പടമുള്ള പരസ്യം വെകാതെ വിവാദമായി. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയില്‍ തങ്ങളുടെ ശ്രമങ്ങളും ഉണ്ടെന്ന് കാണിച്ച് അംഗീകാരം തട്ടിയെടുക്കുവാന്‍ ഡി.എം.കെ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.

Signature-ad

പ്രദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയും രംഗത്തെത്തി. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഡി.എം.കെ അനാദരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇസ്രോ പുതിയതായി രൂപകല്‍പന ചെയ്ത എസ്എസ്എല്‍വി വിക്ഷേപണങ്ങള്‍ക്ക് വേണ്ടിയാണ് കുലശേഖരപട്ടണത്തെ ബഹിരാകാശ കേന്ദ്രം നിര്‍മിക്കുന്നത്. ചെലവ് കുറഞ്ഞ വിക്ഷേപണങ്ങളുടെ ഭാവിസാധ്യത തിരിച്ചറിഞ്ഞാണിത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രത്തിന്റെ തറക്കലിടല്‍ കര്‍മ്മം നിര്‍വഹിച്ചിരുന്നു.

Back to top button
error: