ന്യൂഡല്‍ഹി: മൃഗശാല കാണാനിറങ്ങിയ യുവ ദമ്പതികളുടെ യാത്ര അന്ത്യയാത്രയായി. ഗാസിയാബാദ് സ്വദേശി അഭിഷേക് ആലുവാലിയ(25)യും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
തിങ്കളാഴ്ച ഡല്‍ഹിയിലുള്ള മൃഗശാല സന്ദര്‍ശിക്കാനിറങ്ങിയതായിരുന്നു അഭിഷേകും ഭാര്യ അഞ്ജലിയും. മൃഗശാലയിലെത്തിയ അഭിഷേകിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടന്‍ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും മാറ്റി. പക്ഷേ രക്ഷിക്കാനായില്ല.
തുടര്‍ന്ന് അഭിഷേകിന്റെ മൃതദേഹം ഇവരുടെ ഫ്ളാറ്റായ ആല്‍കോണ്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചു. അഭിഷേകിന്റെ ചേതനയറ്റ ശരീരം കണ്ട് മനംനൊന്ത അഞ്ജലി ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ അഞ്ജലിയെ മാക്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. 2023 നവംബര്‍ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്.