പത്തനംതിട്ട: മല്ലപ്പള്ളിക്കു സമീപം ചുങ്കപ്പാറ – കോട്ടാങ്ങല്‍ റോഡിലെ മേതലപ്പടിയില്‍ പള്ളിക്കശേരില്‍ അസീസ് റാവുത്തറുടെ പുരയിടത്തിലെ തെളിനീർ നിറയുന്ന കിണർ നാടിനാകെ അത്ഭുതവും ആശ്രയവുമാണ്.
മുപ്പത് കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്ന കിണറിന്റെ കരയില്‍ 18 പമ്ബിംഗ് മോട്ടറുകളുണ്ട്. വേനല്‍ കടുത്തതോടെ മോട്ടറിന്റെ മുരളിച്ചയില്ലാത്ത നേരമില്ല. ആവശ്യംപോലെ വെള്ളം ആർക്കും ശേഖരിക്കാം. പൊതുകിണറിന്റെ കരയിലെ തർക്കങ്ങളോ വാദപ്രതിവാദങ്ങളോ ഇവിടെയില്ല. 12 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ഏതുകനത്ത വേനലിലും വറ്റാത്ത ഉറവയാണുള്ളത്. എപ്പോഴും അഞ്ചടിയിലധികം തെളിനീരാണ് നിറഞ്ഞുനില്‍ക്കുന്നത്. അരക്കിലോമീറ്റർ ദൂരത്തില്‍ വരെ കിണറ്റില്‍ നിന്ന് ജലം പമ്ബുചെയ്ത് എത്തിക്കുന്നുണ്ട്.
സമീപ പ്രദേശത്തുള്ളവർ പണം മുടക്കി വാഹനങ്ങളില്‍ വെള്ളം ശേഖരിക്കുന്ന സാഹചര്യത്തില്‍ സൗജന്യ ജലവിതരണ പദ്ധതിയായി മാറുകയാണ് അസീസ് റാവുത്തറുടെ അത്ഭുത കിണർ. മോട്ടോർ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതി ചാർജ് അടയ്ക്കുന്നത് കൂട്ടായ്മയിലൂടെയാണ്.