പത്തനംതിട്ട: സി.പി.എം ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന ലോകസഭ മണ്ഡലമാണ് പത്തനംതിട്ട, സി. പി.എം കേന്ദ്ര കമ്മറ്റി അംഗമായ തോമസ് ഐസക്കിനെയാണ് ഈ ദൗത്യം പാർട്ടി ഏല്‍പ്പിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ, നിയമസഭാ മണ്ഡലങ്ങളും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. നിലവിലെ എംപി യുഡിഎഫിലെ ആന്റോ ആന്റണി നാലാം ഊഴം ലക്ഷ്യമിട്ടാണ് ഇത്തവണ രംഗത്തിറങ്ങുന്നത്.
2009-ല്‍ , മണ്ഡലം രൂപീകരിച്ചതു മുതല്‍… ആന്റോ ആന്റണിയെയാണ് പത്തനംതിട്ടക്കാർ ലോക്സഭയിലേക്ക് അയച്ചിരിക്കുന്നത്. 2014 ല്‍ പീലിപ്പോസ് തോമസിനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയ ആന്റോ ആന്റണി, 2019 ല്‍ ഇടതുപക്ഷ സ്ഥാനാർഥി വീണാ ജോർജിനെ പരാജയപ്പെടുത്തിയാണ് വിജയം ആവർത്തിച്ചിരുന്നത്. കഴിഞ്ഞ 15 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ആന്റോ ആന്റണിക്കെതിരെ , മണ്ഡലത്തില്‍ നിലനില്‍ക്കുന്ന വോട്ടർമാരുടെ അതൃപ്തിയിലാണ് സി.പി.എം പ്രതീക്ഷയർപ്പിക്കുന്നത്.
അതിനിടെയാണ് ആന്റോ ആന്റണിയുടെ ബിജെപി പ്രേമം ഇന്നലെ പുറത്തു ചാടിയത്. കോണ്‍ഗ്രസിന്റെ ‘സമരാഗ്നി’ ജാഥയ്ക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ യോഗത്തിനിടെയുള്ള പ്രസംഗത്തിലാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ പേരിന് പകരം കെ.സുരേന്ദ്രന്‍ എന്ന് ആന്റോ ആന്റണി പരാമര്‍ശിച്ചത്.
‘സമരാഗ്നി’യുടെ ആലപ്പുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എത്താൻ വൈകിയതില്‍ പ്രകോപിതനായി സുധാകരൻ തെറി പറയുന്ന വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.പിന്നാലെയാണ് ആന്റോ ആന്റണിയുടെ വിവാദപരാമർശം.
എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന സി.പി.എമ്മിന്റെ സംഘടനാ സംവിധാനം, ഇടതുപക്ഷത്തിന് എപ്പോഴും പ്രചാരണ തുടക്കത്തില്‍ മേല്‍ക്കൈ നല്‍കാറുണ്ട്.ഇതിനിടയിലാണ് സിപിഎമ്മിന് ആന്റോ ആന്റണി തന്നെ അടിക്കാൻ വടി വെട്ടിക്കൊടുത്തിരിക്കുന്നത്. ശബരിമല വിവാദവും , രാഹുല്‍ ഗാന്ധി ഇഫക്ടുമാണ് , കഴിഞ്ഞ തവണത്തെ തോല്‍വിയുടെ പ്രധാന കാരണമായി ഇടതുപക്ഷം വിലയിരുത്തുന്നത്. ഈ രണ്ട് കാര്യങ്ങളും ഇത്തവണ വിലപ്പോവില്ലന്നതിനാല്‍ വലിയ ആത്മവിശ്വാസത്തിൽ മുന്നോട്ടു പോകുന്നതിനിടയിലാണ് ഗോളടിക്കാൻ സി.പി.എമ്മിന് എതിർസ്ഥാനാർത്ഥി വക പാസ് ലഭിച്ചിരിക്കുന്നതും.
2009ലേതുപോലെ ഈസി വാക്കോവർ ആയിരുന്നില്ല തുടർന്നുള്ള രണ്ടു തിരഞ്ഞെടുപ്പുകളില്‍ ആന്റോ ആന്റണിയെ കാത്തിരുന്നിരുന്നത്. 2009ല്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍, 2014ല്‍ എത്തിയപ്പോള്‍ ഇത് അറുപതിനായിരത്തില്‍ താഴെയായി കുത്തനെ കുറയുകയാണുണ്ടായത്. ആദ്യ തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആസൂത്രകനായിരുന്ന ഫിലിപ്പോസ് തോമസ്, രണ്ടാം വട്ടം ഇടതു സ്വതന്ത്രനായി എതിരാളിയായി എത്തിയതാണ് , ആൻ്റോ ആൻ്റണിക്ക് തിരിച്ചടിയായിരുന്നത്. 2019-ല്‍, ശബരിമല വിഷയം ആളിക്കത്തിയതും , യു.ഡി.എഫിന് ഗുണമായി.
ശബരിമല പ്രചാരണ വിഷയമാക്കി മാറിയതോടെയാണ്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലം ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങിയിരുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി വീണാജോർജും , എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായിരുന്നു ആന്റോ ആന്റണിയുടെ കഴിഞ്ഞ തവണത്തെ എതിരാളികള്‍. പോരാട്ടച്ചൂട് ആവോളമറിഞ്ഞ ആ അങ്കത്തില്‍, ആന്റോ ആന്റണി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ,ഭൂരിപക്ഷം അമ്ബതിനായിരത്തിലും താഴെയായിരുന്നു.
ഇത്തവണ ആന്റോ ആന്റണിയുടെ കെടുകാര്യസ്ഥതയും ഇടതുപക്ഷത്തിൻ്റെ പ്രചരണായുധമാണ്. ക്രൈസ്തവവോട്ടുകളെ ഒപ്പം കൂട്ടി മണ്ഡലം പിടിച്ചെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തോമസ് ഐസക്കിനെ നിയോഗിച്ചതും അതിനു വേണ്ടിയാണ്. ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ സഭകള്‍ക്ക് വ്യക്തമായ മേല്‍ക്കയ്യുള്ള മണ്ഡലമാണ് പത്തനംതിട്ട. ഏതെങ്കിലും ഒരു വിഭാഗം എതിരായാല്‍ , മറുവിഭാഗത്തിൻ്റെ വോട്ട് കൊണ്ട് മറികടക്കാൻ കഴിയുമെന്നതാണ് കണക്ക് കൂട്ടല്‍. സമുദായ നേതൃത്വങ്ങളുമായി തോമസ് ഐസക്കിനുള്ള ബന്ധവും , വോട്ടായി മാറുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.
മുൻ പൂഞ്ഞാർ എം.എല്‍.എയായ പി സി ജോർജിന്റെ ബിജെപിപ്രവേശനം , എൻഡിഎയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ടെങ്കിലും , കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ ലഭിച്ചില്ലങ്കില്‍ , അത് പി.സി ജോർജിനും നാണക്കേടായി മാറും.രണ്ട് ലക്ഷത്തിനടുത്തുള്ള അടിസ്ഥാന വോട്ടുകള്‍ കണക്കാക്കിയാണ് , ഇത്തവണ ബിജെപി പ്രചാരണം പ്ലാൻ ചെയ്തിരിക്കുന്നത്.പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളില്‍, ഇപ്പോഴും പി.സി ജോർജിന് സ്വാധീനമുണ്ടെന്നാണ് , ബി.ജെ.പിയുടെ വിലയിരുത്തല്‍.പത്തനംതിട്ടയിലെ ക്രൈസ്തവ വോട്ടുകളും, മോദി എഫക്ടില്‍ നേടുന്ന നിഷ്പക്ഷ വോട്ടുകളും കൂടിയാകുമ്ബോള്‍, വിജയം കൊയ്യാമെന്നതാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
അതേസമയം , ശക്തമായ ത്രികോണ മത്സരത്തില്‍ , കഴിഞ്ഞ തവണ വിജയിച്ചതുപോലെ , ഇത്തവണയും വിജയിക്കാമെന്നാണ് , ആൻ്റോ ആൻ്റണിയും യു.ഡി.എഫും പ്രതീക്ഷിക്കുന്നത്. പിണറായി സർക്കാറിനെതിരായ ജനവികാരം വോട്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് അവർ മുന്നോട്ടു പോകുന്നത്.