പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ നാക്കുപിഴ കോണ്‍ഗ്രസില്‍ വ്യാപക ചര്‍ച്ചയാകുന്നു.
കോണ്‍ഗ്രസിന്റെ ‘സമരാഗ്നി’ ജാഥയ്ക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ യോഗത്തിനിടെയുള്ള പ്രസംഗത്തിലാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ പേരിന് പകരം കെ.സുരേന്ദ്രന്‍ എന്ന് ആന്റോ ആന്റണി പരാമര്‍ശിച്ചത്.
അണികള്‍ ബഹളം വെച്ചതോടെയാണ് ആന്റോ പ്രസ്താവന തിരുത്തിയത്.ബിജെപിയോട് കെ.സുധാകരനുള്ള മൃദുസമീപനം കോണ്‍ഗ്രസില്‍ എന്നും നിരന്തര ചര്‍ച്ചകള്‍ക്ക് വിധേയമാകാറുണ്ട്. കെപിസിസി അധ്യക്ഷനായ ശേഷം ഈ ചര്‍ച്ച കുറയുകയല്ല കൂടുകയാണ് ചെയ്തത്. ഈ ഘട്ടത്തില്‍ തന്നെയാണ് കെപിസിസി നേതൃത്വം അതിഗൗരവത്തോടെ കാണുന്ന ‘സമരാഗ്നി’ യില്‍ സ്ഥലം എംപിയുടെ വകയായി നാക്കുപിഴ വന്നത്.
‘സമരാഗ്നി’യുടെ ആലപ്പുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എത്താൻ വൈകിയതില്‍ പ്രകോപിതനായി സുധാകരൻ തെറി പറയുന്ന വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതേ ദിവസം തന്നെയാണ് നാക്കുപിഴയുടെ രൂപത്തില്‍ കോൺഗ്രസിന് മറ്റൊരു തിരിച്ചടി കൂടി വന്നത്.