ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെത്തുന്ന കോളുകളില്‍ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണാം. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷന് (സിഎന്‍എപി) രാജ്യത്ത് വൈകാതെ നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാര്‍ശ ചെയ്തു. തട്ടിപ്പ് കോളുകള്‍ തടയുകയാണ് ലക്ഷ്യം.
ഇത് നടപ്പാക്കിയാല്‍ ‘ട്രൂകോളര്‍’ ആപ്പില്ലാതെ തന്നെ, ഫോണ്‍ വിളിക്കുന്നത് ആരെന്ന് നമുക്കറിയാം. ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിപ്പിക്കുന്ന തരത്തിലായിരിക്കും സൗകര്യം. ഒരാള്‍ക്ക് പേര് മറച്ചുവയ്ക്കണമെങ്കില്‍ അതിനും സംവിധാനമുണ്ടാകും.
സിം എടുക്കാനുപയോഗിച്ച കെവൈസി (നോ യുവര്‍ കസ്റ്റമര്‍) തിരിച്ചറിയല്‍ രേഖയിലെ പേരായിരിക്കും സ്ക്രീനില്‍ ദൃശ്യമാവുക. രേഖയിലുള്ള പേര് പിന്നീട് മാറ്റിയവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്കി തിരുത്താനും സൗകര്യമുണ്ടാകും. രാജ്യമാകെ നടപ്പാക്കും മുന്‍പ് ഒരു ടെലികോം സര്‍ക്കിളില്‍ പരീക്ഷണം നടത്തും.
കമ്പനികളുടെ ബള്‍ക്ക് കോര്‍പറേറ്റ് കണക്ഷനുകളില്‍ നിന്നുള്ള കോളുകളില്‍ ട്രേഡ്മാര്‍ക്ക് പേര്, ട്രേഡ് നെയിം തുടങ്ങിയവ ദൃശ്യമാകും. ടെലികോം കമ്പനികളുമായി നീണ്ട കൂടിയാലോചന നടത്തിയാണ് ട്രായ് ശുപാര്‍ശ നല്‍കിയത്.