ആലപ്പുഴ: കാട്ടൂരില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി. സിഡബ്ല്യുസി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. വിശദ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ബാലാവകാശ കമ്മിഷന്‍ അറിയിച്ചു.
15 ന് സ്‌കൂളില്‍ വച്ചു സഹപാഠിക്ക് തലകറക്കം ഉണ്ടായപ്പോള്‍ വെള്ളം കുടിക്കാന്‍ പൈപ്പിനു സമീപത്തേക്ക് പ്രജിത്ത് ഒപ്പം പോയിരുന്നെന്നും ഈ സമയത്ത് ക്ലാസിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതുകേട്ട് പ്രജിത്തും സുഹൃത്തും ക്ലാസിലേക്ക് ഓടിയെത്തിയപ്പോള്‍ അധ്യാപകന്‍ പ്രജിത്തിനെ ചൂരല്‍ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്തു.
കണ്ണില്‍ സൂക്ഷിച്ച് നോക്കി ‘നീയൊക്കെ കഞ്ചാവാണല്ലേ ‘എന്നു ചോദിച്ചു. മറ്റൊരു അധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്‌കൂള്‍ വിട്ടപ്പോഴും ഇതേ അധ്യാപകനും അധ്യാപികയും ചേര്‍ന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റു വിദ്യാര്‍ഥികള്‍ കാണ്‍കെ അധ്യാപകന്‍ മര്‍ദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്. സഹപാഠികളാണ് ഈ കാര്യങ്ങള്‍ പറഞ്ഞതെന്നും സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍ ബസ് സ്റ്റോപ്പില്‍ അധ്യാപകര്‍ ആരെങ്കിലും ഉണ്ടോയെന്നു പ്രജിത്ത് പേടിയോടെ ചോദിച്ചെന്ന് ഒരു സഹപാഠി തന്നോടു പറഞ്ഞെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. സാധാരണ വരുന്ന വഴിയിലൂടെയല്ല അന്നു പ്രജിത്ത് വീട്ടിലെത്തിയതെന്നും പിതാവ് പറഞ്ഞു.