IndiaNEWS

ബൈജൂസിനെതിരെ നടപടി കടുപ്പിച്ച് ഇഡി; ബൈജു രവീന്ദ്രന്‍ ദുബൈയിലേക്ക് മുങ്ങി?

ബംഗളൂരു: ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍ ഇന്ത്യ വിട്ടെന്ന് സൂചന. ബൈജു രവീന്ദ്രന്‍ ഇപ്പോള്‍ ദുബായിലാണെന്നാണ് വിവരം. നേരത്തേ ബൈജു ഇന്ത്യ വിട്ടാല്‍ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് പോയത്. അന്ന് രാജ്യം വിടുന്നതിന് തടസ്സമുണ്ടായിരുന്നില്ല എന്നതിനാലാണ് ബൈജു ദുബായിലേക്ക് മാറിയത്. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതില്‍ വ്യക്തതയില്ല. ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഇന്നത്തെ എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ ബൈജു രവീന്ദ്രന്‍ പങ്കെടുക്കില്ല. ഓണ്‍ലൈനായാണ് ഇന്ന് ഇജിഎം നടക്കുക. ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്റെ പാരന്റ് കമ്പനിയില്‍ 30% ഓഹരിയുള്ള നിക്ഷേപകരാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്. ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ വോട്ടിനിട്ട് നീക്കുക എന്നതാണ് യോഗത്തിന്റെ ഒരു അജണ്ട. സഹോദരന്‍ റിജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍ നാഥ് എന്നിവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കും. പുതിയൊരാളെ നിയമിക്കുന്നത് വരെ കമ്പനിക്ക് ഒരു ഇടക്കാല സിഇഒയെ കണ്ടെത്തും. ഇജിഎം നടന്ന് മുപ്പത് ദിവസത്തിനകം പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിക്കും. ഇന്നത്തെ ഇജിഎമ്മില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമ ഉത്തരവ് വരുന്നത് വരെ നടപ്പാക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇജിഎം നടത്തുന്നതിന് തടസ്സമില്ലെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Signature-ad

അതേസമയം, ഇജിഎം നിയമവിരുദ്ധമെന്ന് ബൈജൂസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബൈജു രവീന്ദ്രനടക്കമുള്ള ബോര്‍ഡ് മെമ്പര്‍മാരില്ലാതെ നടക്കുന്ന ഇജിഎമ്മില്‍ നടക്കുന്ന വോട്ടെടുപ്പ് നിയമപരമല്ല. ഇതില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കമ്പനികാര്യ നിയമം (2013) പ്രകാരം നിലനില്‍ക്കുന്നതല്ല. കമ്പനിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള പുകമറ മാത്രമാണ് ഇന്നത്തെ യോഗമെന്നും ബൈജൂസ് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

 

Back to top button
error: