CrimeNEWS

ചേര്‍ത്തല ഗുണ്ടാസംഗമത്തില്‍ അന്വേഷണം തുടങ്ങി; നേതാവിനെ സംരക്ഷിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും

ആലപ്പുഴ: പോലീസിനെയും സി.പി.എം. നേതൃത്വത്തെയും ഞെട്ടിച്ച് കൊലക്കേസ് പ്രതിയടക്കമുള്ള ഗുണ്ടകള്‍ ചേര്‍ത്തലയില്‍ സംഗമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സംഗമത്തിനു ചുക്കാന്‍ പിടിച്ച ഡി.വൈ.എഫ്.ഐ. ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റിയംഗമുള്‍പ്പെടെ നാലു പേരെ ചേര്‍ത്തല പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി മൊഴിയെടുത്തു. സംഗമത്തില്‍ കൊലപാതക കേസുകളിലടക്കം ഉള്‍പ്പെട്ട 20- ഓളം പേര്‍ പങ്കെടുത്തിരുന്നതായാണു വിവരം. പലരും ഫോണ്‍ ഓഫ് ചെയ്ത് ഒളിവിലാണെന്നാണു പോലീസ് നല്‍കുന്ന വിവരം. ക്രമസമാധാനത്തിനു ഭീഷണിയാകുന്ന സംഗമമായിരുന്നില്ലെന്നാണു പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍, ഇത്രയുംപേര്‍ ഒരിടത്ത് ഒത്തുകൂടിയതിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പേരെ ചോദ്യംചെയ്ത് യുക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍, സംഗമത്തിനു നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ. നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണു സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും സ്വീകരിക്കുന്നത്.ഇയാള്‍ക്കു സംരക്ഷണമൊരുക്കി പാര്‍ട്ടിയിലെയും ഡി.വൈ.എഫ്.ഐ.യിലെയും വലിയൊരുവിഭാഗം രംഗത്തു വന്നിട്ടുണ്ട്.

Signature-ad

ഡി.വൈ.എഫ്.ഐ. നേതാവ് കൂടെപഠിച്ചിരുന്ന ഒരാളെ മാത്രമാണ് ഉത്സവത്തിനു വിളിച്ചിരുന്നതെന്നും മറ്റുള്ളവര്‍ ഇയാള്‍ക്കൊപ്പമാണെത്തിയതെന്നുമാണു പാര്‍ട്ടിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതത്രേ. പലരും കുടുംബത്തോടൊപ്പമെത്തിയതിനാല്‍ വിലക്കാനാകാത്ത സ്ഥിതിയുണ്ടായതായാണു ഡി.വൈ.എഫ്.ഐ. നേതാവ് വിശദീകരണം നല്‍കിയത്.

ഗുണ്ടാസംഗമത്തെ പാര്‍ട്ടിയിലെ ഒരു വിഭാഗം ന്യായീകരിക്കുന്നതായി വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.15-നു വൈകീട്ടാണ് ചേര്‍ത്തല നഗരത്തില്‍ നെടുമ്പ്രക്കാട് പ്രദേശത്ത് ഗുണ്ടകള്‍ സംഗമിച്ചത്. പാര്‍ട്ടി അംഗമായ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയംഗത്തിന്റെ വീട്ടില്‍ നടന്ന സംഗമത്തില്‍ ചേര്‍ത്തല തെക്ക് കിളിയാച്ചന്‍ കൊലക്കേസിലെ പ്രതിയായ കുരുടുസതീഷ് അടക്കമുള്ളവര്‍ പങ്കെടുത്തതായാണു വിവരം. സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളില്‍ കേസുകളുള്ള അയ്യപ്പന്‍, സനത് തുടങ്ങിയവരടക്കം എത്തിയിരുന്നത്രേ.

Back to top button
error: