CrimeNEWS

അശ്ലീലക്കുറിപ്പോടെ നൃത്ത വീഡിയോ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ പരാതിയുമായി വനിതാ കൊറിയോഗ്രഫര്‍

മുംബൈ: സമൂഹമാധ്യമത്തില്‍ അശ്ലീലക്കുറിപ്പോടെ തന്റെ നൃത്തവീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസിനെ സമീപിച്ച് വനിതാ കൊറിയോഗ്രഫര്‍. മുംബൈ സ്വദേശിനിയായ ശ്രുതി പരിജയാണ് ഇതു സംബന്ധിച്ച് പ്രതീക് ആര്യന്‍ എന്നയാള്‍ക്കെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ അനുവാദമില്ലാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇതു നീക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച പരാതിയില്‍ ശ്രുതി പറയുന്നു. വേശ്യാലയവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്ക് പ്രയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ഒരു കോളജ് ഫെസ്റ്റില്‍ ശ്രുതി പരിജ നൃത്തം ചെയ്യുന്ന വിഡിയോ പ്രതീക് ആര്യന്‍ ഈ മാസം 13നു സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ”ഇന്ത്യന്‍ സ്‌കൂളുകളും കോളജുകളും പരമ്പരാഗതവും പ്രാദേശികവുമായ സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു പേരുകേട്ടതാണെന്നും എന്നാല്‍ ഇപ്പോള്‍ അത് ഒരു ‘കോത’ (വേശ്യാലയങ്ങള്‍ക്ക് ഉപയോഗിക്കുന്ന പുരാതനപദം) ആയി മാറിയിരിക്കുന്നു.” എന്ന കുറിപ്പോടെയാണ് പ്രതീക് വിഡിയോ പങ്കുവച്ചത്. സാംസ്‌കാരിക പരിപാടികളുടെ പേരില്‍ ഐറ്റം ഗാനങ്ങള്‍ക്ക് ശരീരം അനക്കുകയാണെന്നും വിദ്യാഭ്യാസ സമ്പ്രദായത്തിനൊപ്പം ഇന്ത്യയിലെ സാംസ്‌കാരിക വ്യവസ്ഥയും അപകടത്തിലാണെന്നും പ്രതീക് കൂട്ടിച്ചേര്‍ത്തു.

Signature-ad

ഏകദേശം 25 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ഇതിനു പിന്നാലെ വീഡിയോയ്ക്കു കമന്റുമായി ശ്രുതി രംഗത്തെത്തി. വീഡിയോ തന്റെ അനുവാദമില്ലാതെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഉടന്‍ നീക്കണമെന്നും അവര്‍ കമന്റില്‍ പറഞ്ഞു. ”ഞാന്‍ കോളജിലെ വിദ്യാര്‍ഥിയല്ല. ഫെസ്റ്റിന് വിധികര്‍ത്താവായി എത്തിയപ്പോള്‍ വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന മാനിച്ച നൃത്തം ചെയ്തതാണ്. കോളജുമായി ഒരു ബന്ധവുമില്ലാത്ത എന്ന അപകീര്‍ത്തിപ്പെടുത്താതെ തന്നെ ഇത്തരം കാര്യങ്ങളില്‍ ശബ്ദിക്കാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്” ശ്രുതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇന്ത്യന്‍ സ്‌കൂളുകളുടെയും കോളജുകളുടെയും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ് സംസാരിച്ചതെന്നും താങ്കളെക്കുറിച്ചു മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ഇതിനു മറുപടിയായി പ്രതീക് ആര്യന്‍ പറഞ്ഞു. ശ്രുതിയും സൂഹൃത്തുക്കളും ചേര്‍ന്നു തന്നെ ഭീഷണിപ്പെടുത്തിയതായും പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റൊരു പോസ്റ്റില്‍ പ്രതീക് പറഞ്ഞു. ഇതോടെയാണു മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ശ്രുതി പരാതി നല്‍കിയത്.

Back to top button
error: