കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു, ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി.
സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്‍. കുന്നോത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ് ജ്യോതി ബാബു. ഇരുവരും 26ന് കോടതിയില്‍ ഹാജരാവണം. ഇവരുടെ ശിക്ഷ അന്നു പ്രഖ്യാപിച്ചേക്കും. ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍ക്കു പരാമവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ അപ്പീലിലും കോടതി അന്നു വിധി പറയും.
സിപിഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെവിട്ടത് ഹൈക്കോടതി ശരിവച്ചു. അന്തരിച്ച പികെ കുഞ്ഞനന്തനെ ശിക്ഷിച്ചതും ശരിവച്ചു.
ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്‍കിയ അപ്പീലും കോടതി പരിഗണിച്ചു.
എഫ്ഐആറില്‍ ഇല്ലാത്ത പലരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി, അതിനു പിന്നില്‍ രാഷ്ട്രീയഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍ വാദിച്ചത്. ചില പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയെന്നും, പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് സര്‍ക്കാരിന്റെ അപ്പീലില്‍ ആവശ്യപ്പെട്ടത്.