Breaking NewsCrimeKeralaLead NewsNEWS

ഉറങ്ങിക്കിടന്ന മക്കളേയും അമ്മയേയും വീടിനുള്ളിലിട്ട് പൂ‌ട്ടി രണ്ടാനച്ഛൻ വീടിനു തീയിട്ടു, ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് ഒരു പോറൽ പോലുമേൽപ്പിക്കാതെ അനുജത്തിയെ വലിച്ചെടുത്ത് കഴുക്കോലിൽ തൂങ്ങിക്കി‌ടന്ന് വീടിന്റെ ഓട് പൊളിച്ച് അവൻ പുറത്തുചാടി, പൊള്ളലേറ്റ യുവതിയെ കതക് പൊളിച്ചു പുറത്തെത്തിച്ചത് കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ

കോന്നി: കുടുംബ കലഹത്തിനിടെ രണ്ടാനച്ഛൻ വീടിന് തീയിട്ടതോടെ ആളിപ്പടർന്ന തീയിൽ നിന്ന് ഉറങ്ങിക്കിടക്കുന്ന കുഞ്ഞനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയിൽ സിജുപ്രസാദ് വീടിനു തീയിടുകയായിരുന്നു. ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലിൽ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരൻ പുറത്തിറക്കിയത്. അതിനിടെ കുട്ടിക്ക് പൊള്ളലേറ്റെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകർത്ത് പുറത്തിറക്കിയത്.

സിജുപ്രസാദ് ഭാര്യ രജനി, മകൻ പ്രവീൺ, ഇളയ മകൾ എന്നിവരെയാണ് മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് പരുക്കില്ല.

Signature-ad

വെളളിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഉറങ്ങാൻ കിടന്ന സിജു രാത്രി പുറത്തിറങ്ങി മുറിയിലേക്ക് ടിന്നർ ഒഴിച്ചശേഷം വെന്റിലേഷനിലൂടെ തീപന്തം എറിയുകയായിരുന്നു. ടിന്നർ ദേഹത്ത് വീണതോടെ പ്രവീൺ എഴുന്നേൽക്കുകയായിരുന്നു. ഇതിനിടെ തീപടർന്നു.

വീട്ടിൽ നിന്നും കൂട്ടക്കരച്ചിൽ ഉയർന്നതോടെ അയൽപക്കത്തുള്ളവർ ഓടിക്കൂടുകയായിരുന്നു. കതക് പൊളിച്ചാണ് രജനിയെ രക്ഷപ്പെടുത്തിയത്. കുടുംബകലഹമാണ് തീയിടാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: