വാഷിങ്ടണ്‍: അമേരിക്കയില്‍ സൂപ്പര്‍ബൗള്‍ വിക്ടറി റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരു മരണം. മസോറിയിലെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിതരായ കന്‍സാസ് സിറ്റി ചീഫ്സിന്റെ വിജയാഹ്ലാദ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. കുട്ടികളടക്കം 21 പേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചികിത്സയ്ക്കായി കന്‍സാസ് സിറ്റിയിലെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 പേരില്‍ 11 പേരും കുട്ടികളാണ്, അതില്‍ ഒന്‍പതുപേര്‍ക്കും വെടിയേറ്റാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവര്‍ക്കെല്ലാം 17 വയസിനോടടുപ്പിച്ചാണ് പ്രായം.
പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് ചീഫ് റോസ് ഗ്രന്‍ഡിസണ്‍ പറയുന്നു. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യംചെയ്തുവരികയാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.