KeralaNEWS

”പുഷ്പനെ ഓര്‍മ്മയുണ്ട്, വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരം വേണം; ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരേ സമരവും ചെയ്തിട്ടുണ്ട്”

തിരുവനന്തപുരം: വിദേശ സര്‍വകലാശാല സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. ചര്‍ച്ചകള്‍ വേണമെന്നാണ് പറഞ്ഞതെന്നും അതുപോലും പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

നിയമസഭയില്‍ വെച്ച് വിദേശ സര്‍വകലാശാല വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പുഷ്പനെ അറിയാമോ എന്ന് ചോദിച്ചതിന്, പുഷ്പനെ ഓര്‍മ്മയുണ്ടെന്നും ആ സമരത്തില്‍ സജീവമായി പങ്കെടുത്തവരാണ് തങ്ങളെല്ലാവരുമെന്നും കെ.എന്‍ ബാലഗോപാല്‍ മറുപടി പറഞ്ഞു.

Signature-ad

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരങ്ങളും ചര്‍ച്ചകളും വേണം. വിദേശസര്‍വകലാശാലയെ സംബന്ധിച്ച് ചര്‍ച്ചവേണമെന്നാണ് പറഞ്ഞിട്ടുള്ളത്. നാല്പത് വര്‍ഷം മുമ്പ് ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരെ ഞങ്ങളുടെ അന്നത്തെ തലമുറ സമരംചെയ്തിട്ടുണ്ട്. മൂവായിരത്തോളം തൊഴിലാളികള്‍ തൊഴിലില്ലാതെ നില്‍ക്കുന്ന, കര്‍ഷക തൊഴിലാളികള്‍ക്ക് ജോലി കിട്ടാത്ത കാലത്തെ പോലെയാണോ ഇന്ന്. ഇന്ന് കാലം മാറി. കേരളത്തിലെ കുടുംബങ്ങളില്‍നിന്ന് കുട്ടികള്‍ വിദേശത്തേക്ക് പോവുകയാണ്. ഒരു കുട്ടിക്ക് 30 ലക്ഷം മുതല്‍ മുകളിലേക്കാണ് ചെലവ്. നാട്ടില്‍ ചെലവാകേണ്ട പണം ഇവിടെ വരണം. കുട്ടികള്‍ പലരും പോകുന്നത് കുടിയേറ്റത്തിനും ജോലിക്കും വേണ്ടിയാണ്. ഇതിനൊക്കെയുള്ള പരിഹാരമാണ് വിദേശ സര്‍വകലാശാലകള്‍ വേണമെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍വത്കരണം വന്നപ്പോള്‍ തൊഴില്‍ കളയുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് സംഘടനയുടെ സമരം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണെന്നും ബാലഗോപാല്‍ പറഞ്ഞു.

വിദേശ സര്‍വകലാശാലയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതേ ഉള്ളൂ എന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. സിപിഎം ഇപ്പോള്‍ ഒരു നയം എടുത്തിട്ടില്ല. ചര്‍ച്ചചെയ്തിട്ട് പൊതുവായ മാനദണ്ഡം നോക്കി കാര്യങ്ങള്‍ ചെയ്യും. ചര്‍ച്ചകള്‍ പോലും പാടില്ല എന്നുപറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: