കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചതിനു പിന്നാലെ, ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പോലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ നരഹത്യാക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. കരാറുകാരന്റെ തിരുവനന്തപുരം പോത്തന്‍കോട്ടെ ഗോഡൗണില്‍ പോലീസ് പരിശോധന നടത്തി. ഇതിന്റെ സമീപപ്രദേശങ്ങളില്‍ വലിയ ഗുണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി.
തൃപ്പൂണിത്തുറ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്ക് ഇന്നു രാവിലെ 10.30ഓടെയാണ് തീപിടിച്ചത്. അപകടത്തില്‍ പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 16 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാലു പേര്‍ കളമശേരി മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.
ഇവിടെ ആറു തവണ സ്‌ഫോടനം ഉണ്ടായതായാണ് വിവരം. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് കരുതിയത്. പിന്നീടാണ് പടക്കപ്പുരയില്‍ ഉണ്ടായ പൊട്ടിത്തെറിയാണ് എന്നു വ്യക്തമായത്. സ്‌ഫോടനം നടന്നതിന്റെ സമീപം പന്ത്രണ്ട് വീടുകളുണ്ട്.