SportsTRENDING

അക്കളി ഇവിടെ വേണ്ട; ചൈനയിലെ അര്‍ജന്റീന -നൈജീരിയ മത്സരം റദ്ദാക്കി

ഹാങ്ചോ: ഹോങ്കോങ് ഇലവനെതിരായ കളിയില്‍ ഇന്റർ മയാമി നിരയില്‍ ലയണല്‍ മെസ്സി ഇറങ്ങാത്തതിനെതിരെ ആരാധകരോഷം തുടരവെ മാർച്ചില്‍ ചൈനയിലെ ഹാങ്ചോ‍യില്‍ നടക്കാനിരുന്ന അർജന്റീന-നൈജീരിയ സൗഹൃദ മത്സരം റദ്ദാക്കി.

കഴിഞ്ഞയാഴ്ച ഹോങ്കോങ് സ്റ്റേഡിയം വേദിയായ പ്രദർശനമത്സരത്തില്‍ മെസ്സിയെ പ്രതീക്ഷിച്ച്‌ ആയിരക്കണക്കിനു പേരാണ് ഗാലറിയിലെത്തിയത്. എന്നാല്‍, സൂപ്പർ താരം മയാമി ഇലവനിലില്ലാ‍യിരുന്നു. ഇതോടെ ആരാധകരും പ്രാദേശിക ഭരണകൂടവും പ്രതിഷേധമുയർത്തി. ടിക്കറ്റ് നിരക്കിന്റെ പകുതി തിരിച്ചുനല്‍കാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകർ.

Signature-ad

മാർച്ച്‌ 18 മുതല്‍ 26 വരെയാണ് ലോക ചാമ്ബ്യന്മാർ ചൈനയില്‍ പര്യടനം നടത്താനിരുന്നത്. എന്നാല്‍, അയല്‍രാജ്യമായ ഹോങ്കോങ്ങിലുണ്ടായ സംഭവവികാസങ്ങള്‍ ആശങ്കയുയർത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മത്സരവുമായി മുന്നോട്ടുപോവുന്നത് അപക്വമായിരിക്കുമെന്ന് ഹാങ്ചോ സ്പോർട്സ് ബ്യൂറോ അറിയിച്ചു.

ഹാങ്ചോയിലേതിനു പിന്നാലെ ബെയ്ജിങ്ങില്‍ നടത്താനിരുന്ന അർജന്റീന-ഐവറി കോസ്റ്റ് മത്സരവും ഉപേക്ഷിക്കാനാണ് സാധ്യത. ഹോങ്കോങ് ഇലവനെതിരെ മെസ്സി കളിക്കാതിരുന്നത് പരിക്കുമൂലമാണെന്നായിരുന്നു വിശദീകരണം. എന്നാല്‍, രണ്ടു ദിവസത്തിനുശേഷം ജപ്പാനില്‍ വിസ്സെല്‍ കോബിനെതിരെ ക്ലബ് സൗഹൃദമത്സരത്തില്‍ മയാമിക്കായി അരമണിക്കൂറോളം മെസ്സി പന്തുതട്ടുകയും ചെയ്തു. ഇതാണ് ഹോങ്കോങ്ങിലെ ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചത്.

Back to top button
error: