ദോഹ: ഏഷ്യൻ ഫുട്ബോൾ കിരീടം വീണ്ടും ഖത്തറിന്.ഇന്നലെ നടന്ന ഫൈനലിൽ ആതിഥേയരായ ഖത്തർ 3–1നു ജോർദാനെയാണ് പരാജയപ്പെടുത്തിയത്.
ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, അക്രം അഫിഫാണ് ഖത്തറിന്റെ 3 ഗോളുകളും നേടിയത്. 22, 73, 90+5 മിനിറ്റുകളിൽ പെനൽറ്റിയിൽനിന്നായിരുന്നു 3 ഗോളുകളും. ഖത്തർ ക്ലബ് അൽ സാദിന്റെ താരമാണ് ഹാട്രിക് നേടിയ ഇരുപത്തേഴുകാരൻ അഫിഫ്. 67–ാം മിനിറ്റിൽ യാസൻ അൽ നയ്മത്ത് ജോർദാന്റെ ഏകഗോൾ നേടി.
ഖത്തറിന്റെ 2–ാം ഏഷ്യൻ കപ്പ് കിരീട വിജയമാണിത്.ടൂർണമെന്റിലെ ടോപ് ഗോൾ സ്കോററും അഫിഫാണ് (8).
2019ൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിലൂടെ കന്നിക്കിരീടമണിഞ്ഞ ഖത്തർ ഇത്തവണ സ്വന്തം മണ്ണിൽ ഒരു കളിപോലും തോൽക്കാതെയാണ് കിരീടത്തിലെത്തിയത്. അതേസമയം ജോർഡന്റെ ആദ്യ ഫൈനൽ പ്രവേശനമായിരുന്നു ഇത്.