തിരുവനന്തപുരം: മലയന്‍കീഴില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ബീയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു. കാരങ്കോട്ട്‌കോണം സ്വദേശി ശരത് (24) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ അഖിലേഷ് എന്നയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബീയര്‍ക്കുപ്പി പൊട്ടിച്ച് യുവാക്കളെ കുത്തിയ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണു സംഭവം.
സമീപത്തെ ക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന ഉത്സവത്തില്‍ മൈക്ക് സെറ്റ് കെട്ടിയതുമായി ബന്ധപ്പെട്ട് മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ സമീപവാസിയായ രാജേഷ് ഇവിടേക്ക് എത്തി. പിന്നീട് രാജേഷും അരുണും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാജേഷിനെ അരുണ്‍ മര്‍ദിക്കുകയും ചെയ്തു. ഇത് ചോദിക്കാനെത്തിയ രാജേഷിന്റെ ബന്ധുക്കളായ ശരത്, അഖിലേഷ് എന്നിവരെ ബീയര്‍ക്കുപ്പി കൊണ്ടു കുത്തുകയായിരുന്നു.