KeralaNEWS

വടകര വേണ്ട, കെ. മുരളീധരന്‍ സംസ്‌ഥാന രാഷ്ട്രീയത്തിലേക്ക്

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന കോണ്‍ഗ്രസ്സില്‍ പ്രതീക്ഷിക്കാത്ത വന്‍ മാറ്റങ്ങൾ.വടകര എംപി കെ. മുരളീധരന്‍ യുഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് എത്തുമെന്നതാണ് പ്രധാന മാറ്റം.

കെ. മുരളീധരനെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പറിച്ചു നടാനുള്ള ഹൈക്കമാൻഡിന്റെ നീക്കമാണെന്നാണ്  വിശദീകരണമെങ്കിലും താൻ മത്സരിക്കാനില്ലെന്ന കെ മുരളീധരന്റെ ഉറച്ച നിലപാടിലാണ് ഇതിന് പിന്നിലെന്നാണ് സൂചന.  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം സംഘടനാ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹൈക്കമാൻഡ് അദ്ദേഹത്തിന് നൽകിയ നിർദ്ദേശം.

Signature-ad

പക്ഷെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ തള്ളിക്കളയില്ലെന്ന നിലപാടാണ് മുരളീധരന്.എന്നാൽ രണ്ട് ഇളവുകളാണ് മുരളീധരന്റെ മുമ്ബില്‍ കേന്ദ്ര നേതൃത്വം മാസങ്ങൾക്ക് മുന്പ് തന്നെ വെച്ചത്. നിലവിലുള്ള കെ.പി.സി.സി പ്രസിഡന്റ് ചിക്തിസയ്ക്കായി വിദേശത്ത് പോകുമ്ബോള്‍ താത്ക്കാലിക സംവിധാനമെന്ന നിലയില്‍ മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതല നല്‍കാമെന്നായിരുന്നു അതിലൊന്ന്. എന്നാല്‍, അത് നടന്നില്ല. കാരണം, കെ. സുധാകരന്‍ ചികിത്സയ്ക്കു പോയപ്പോള്‍ ആര്‍ക്കും ചുമതല കൊടുക്കണ്ടെന്നായിരുന്നു കെ.പി.സി.സി തീരുമാനിച്ചത്. ഇതോടെ താത്ക്കാലികമായെങ്കിലും സംഘടനാ നേതൃത്വത്തിലേക്കെത്താന്‍ മുരളീധരന് കഴിഞ്ഞില്ല.

രണ്ടാമത്തേതാണ് യു.ഡി.എഫ് കണ്‍വീനര്‍ പദം. നിലവില്‍ എം.എം. ഹസനാണ് കണ്‍വീനര്‍. ഇദ്ദേഹത്തെ മാറ്റി കെ. മുരളീധരനെ ഇരുത്തണമെങ്കില്‍ യു.ഡി.എഫിലെ രണ്ടാമത്തെ മുന്നണിയായ മുസ്ലീം ലീഗ് സമ്മതിക്കണം. ലീഗിന്റെ സമ്മതം ലഭിച്ചാലും പോര, എം.എം. ഹസന് മറ്റൊരു പദവി നല്‍കണം. ഇത് രണ്ടും തലവേദനയാണ്. ലീഗിന് കെ. മുരളീധരനുമായി പ്രശ്‌നങ്ങളൊന്നും നിലവിലില്ലാത്തതിനാല്‍ ആ തടസ്സം ഉണ്ടാകില്ല. എന്നാല്‍, ഹസനെ എങ്ങനെ നിലനിര്‍ത്തുമെന്നതാണ് പ്രധാനപ്രശ്‌നം. ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് ഹസനെ പരിഗണിക്കാമെന്ന് തീരുമാനിച്ചാല്‍ അവിടെയും ലീഗാണ് പ്രശ്‌നം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന ചര്‍ച്ചയില്‍ ലീഗ് മൂന്ന് സീറ്റുകള്‍ ആവശ്യപ്പെടാനിരിക്കുകയാണ്. കിട്ടില്ലെങ്കിലും ചോദിക്കുന്നതില്‍ നിന്നും ലീഗ് പിന്‍മാറില്ലെന്നുറപ്പാണ്.

കാരണം, ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ കണ്ണുവെച്ചാണ് ലോക്‌സഭാ സീറ്റിനു വേണ്ടി ലീഗ് വെറുതേ വാദിക്കുന്നത്. ഇത് കോണ്‍ഗ്രസ്സിനും ലീഗിനുമറിയാം. എങ്കിലും എം.എം. ഹസന്‍ മുസ്ലീമായതു കൊണ്ട് ലീഗ് രാജ്യസഭാ സീറ്റ് വേണമെന്ന് കടുംപിടുത്തം പിടിക്കില്ല എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അങ്ങനെ കോണ്‍ഗ്രസ് വിചാരിക്കുന്ന വഴിയില്‍ ലീഗ് വന്നാല്‍, കെ. മുരളീധരന്‍ യു.ഡി.എഫ് കണ്‍വീനറാകും.

വട്ടിയൂര്‍ക്കാവില്‍ നിന്നും എം.എല്‍.എ ആയി നിയമസഭയില്‍ സജീവമാകുന്നതിനിടയിലാണ് മുരളീധരൻ വടകര വഴി ലോക്‌സഭയിലെത്തിയത്. പിന്നീട് കുറച്ചു കാലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇല്ലായിരുന്നു. എന്നാല്‍, നേമം തെരഞ്ഞെടുപ്പിലൂടെ മുരളീധരന്‍ തിരിച്ചു വരവ് നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇത്തവണയും കാര്യങ്ങൾ അത്ര എളുപ്പമല്ല. അവസാന നിമിഷം എല്ലാ തീരുമാനങ്ങളെയും തകിടം മറിക്കുന്ന ഗ്രൂപ്പ്-സമുദായ രാഷ്ട്രീയം വന്നാല്‍, മുരളീധരന് ലോക്‌സഭാ സീറ്റ് പോയിട്ട് കൺവീനർ സ്ഥാനം പോലും ഉണ്ടായെന്നു വരില്ല.

Back to top button
error: