കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോട്ടയം ലോക്സഭാ സീറ്റില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചേക്കും. അന്തിമ പ്രഖ്യാപനത്തിനായി പാര്‍ട്ടി ചെയര്മാന് പി.ജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തും. ഫ്രാന്‍സിസ് ജോര്‍ജിനാണ് സാധ്യത. കോണ്‍ഗ്രസിനും സ്വീകാര്യനായ സ്ഥാനാര്‍ഥിയാണ് ഫ്രാന്‍സിസ് ജോര്‍ജ്. സഭാ നേതൃത്വവുമായുള്ള ബന്ധവും കാര്‍ഷിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നതും ഫ്രാന്‍സിസ് ജോര്‍ജിന് ഗുണകരമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
സീറ്റ് താത്പര്യം പ്രകടിപ്പിച്ച മറ്റു നേതാക്കളെ നേതൃത്വം ഇടപ്പെട്ട് അനുനയിപ്പിച്ചതായാണ് വിവരം. വൈകിട്ട് നാലരയ്ക്ക് മസ്ക്കറ്റ് ഹോട്ടലിലാണ് ഉന്നതാധികാര സമിതി യോഗം ചേരുക. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തിലൂടെ യുഡിഎഫിന് നഷ്ടമായ സീറ്റാണ് കോട്ടയം. അതിനാല്‍ ഏതുവിധേനയും കോട്ടയം തിരിച്ചുപിടിക്കുക എന്നത് യുഡിഎഫിന്റെ അഭിമാന പ്രശ്നമാണ്. യുഡിഎഫില്‍ പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റാണ് കോട്ടയം. അതിനാല്‍ സീറ്റ് നഷ്ടപ്പെടുത്തിയാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും തിരിച്ചടിയാകും.
കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായ കെ.എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസ് എം നേതാവായിരുന്ന ഫ്രാന്‍സിസ് പിന്നീട് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനിച്ച ജോസ് കെ. മാണിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാതെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെത്തുകയായിരുന്നു.