മലപ്പുറം: മാരക രാസലഹരിയായ എം.ഡി.എം.എ.യുമായി ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് അറസ്റ്റില്‍. വേങ്ങര കണ്ണമംഗലം സ്വദേശി പള്ളിയാളി വീട്ടില്‍ മുഹമ്മദ് റാഫി (37)യാണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 30,000-ത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ. പിടിച്ചെടുത്തു.
ക്വാറികള്‍ കേന്ദ്രീകരിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ലഹരിമരുന്ന് വില്പന നടത്തിവന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ റാഫി. ശനിയാഴ്ച വൈകിട്ട് ചെരുപ്പടിമലയില്നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. ചെരുപ്പടിമല, മിനി ഊട്ടി പോലുള്ള വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ചും ഇയാള്‍ ഉള്‍പ്പെട്ട ലഹരി കടത്ത് സംഘം മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു.
ഇയാളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്ന് ലഹരി സംഘത്തില്‍ ഉള്‍പ്പെട്ട ആളുകളേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വേങ്ങര സ്റ്റേഷനിലെ എസ്.ഐ. ബിജു, എസ്.ഐ. രാധാകൃഷ്ണന്, സജീവ് എന്നിവരുമാണ് പ്രതിയെ പിടികൂടിയത്.