കാര്‍ ബുക്ക് ചെയ്‌തോ? അല്‍പം കാത്തിരുന്നാല്‍ വിദേശ കാറുകള്‍ വിലക്കുറവില്‍ വാങ്ങാം! യൂറോപ്പില്‍നിന്നുള്ള വാഹന ഇറക്കുമതി നികുതി 70 ശതമാനം വെട്ടിക്കുറയ്ക്കും; സ്വതന്ത്ര വ്യാപാര കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍; അമേരിക്കയെ വെട്ടാന്‍ ഇന്ത്യയുടെ വമ്പന്‍ നീക്കം

ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കുള്ള നികുതി വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായിട്ടാണ് 110 ശതമാനം ഇറക്കുമതി തീരുവ 40 ശതമാനമാക്കി കുറയ്ക്കുന്നത്. ഇതു പിന്നീടു പത്തു ശതമാനമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ട്.
ഇരുപക്ഷവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടിഎ) ചൊവ്വാഴ്ചയോടെ യാഥാര്‍ത്ഥ്യമായേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് രാജ്യത്തെ വലിയ വിപണി വിദേശ കമ്പനികള്‍ക്കായി തുറന്നു കൊടുക്കാന്‍ നീക്കം.
15,000 യൂറോയ്ക്ക് (ഏകദേശം 17,739 ഡോളര്‍- 16 ലക്ഷത്തിലേറെ രൂപ) മുകളില്‍ വിലയുള്ള പരിമിതമായ എണ്ണം കാറുകളുടെ നികുതി ഉടനടി കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ തീരുമാനിച്ചെന്നു ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ സൂചിപ്പിച്ചു. കാലക്രമേണ നികുതി 10 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. ഇത് ഫോക്സ്വാഗണ്‍, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കും.
ചര്‍ച്ചകള്‍ രഹസ്യമായതിനാലും അവസാന നിമിഷം മാറ്റങ്ങള്‍ ഉണ്ടായേക്കാവുന്നതിനാലും വിവരങ്ങള്‍ നല്‍കിയവര്‍ പേര് വെളിപ്പെടുത്താന്‍ തയാറായില്ല. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയവും യൂറോപ്യന്‍ കമ്മീഷനും വിസമ്മതിച്ചു.
‘എല്ലാ കരാറുകളുടെയും മാതാവ്’
നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചൊവ്വാഴ്ച സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുമെന്നാണു പ്രതീക്ഷ. ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാര്‍ ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതി ഉയര്‍ത്തുന്നതിനും സഹായിക്കും. യുഎസ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഇവയുടെ കയറ്റുമതിയില്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ 50 ശതമാനത്തിലേറെ ഇടിവു രേഖപ്പെടുത്തിയിരുന്നു.
അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. എന്നാല്‍, രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല സംരക്ഷിതമായിരുന്നു. നിലവില്‍ 70% മുതല്‍ 110% വരെയാണ് ഇറക്കുമതി നികുതി. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് അടക്കമുള്ളവര്‍ ഇതിനെ നേരത്തെ വിമര്‍ശിച്ചിരുന്നു.
പുതിയ നിര്‍ദ്ദേശപ്രകാരം, പ്രതിവര്‍ഷം ഏകദേശം 2,00,000 പെട്രോള്‍/ഡീസല്‍ കാറുകളുടെ ഇറക്കുമതി നികുതി ഉടനടി 40 ശതമാനമായി കുറയ്ക്കും. വിപണിയെ അങ്ങേയറ്റം മത്സരാധിഷ്ഠിതമാക്കും ഇതെന്നു വ്യക്തം. എന്നാല്‍, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ആഭ്യന്തര കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളെ (ഇവി) ആദ്യ അഞ്ച് വര്‍ഷത്തേക്ക് ഈ ഇളവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ക്കും നികുതി ഇളവ് ലഭിക്കും.
നിലവിലെ വിപണി സാഹചര്യം
യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗന്‍, റെനോ, സ്‌റ്റെലാന്റിസ് അതുപോലെതന്നെ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നിവയ്ക്ക് വന്‍ പ്രോത്സാഹനമാണ് കരാര്‍. പ്രാദേശികമായി നിര്‍മാണമുണ്ടെങ്കിലും നികുതിയെത്തുടര്‍ന്ന് ഒരു പരിധിയില്‍ കൂടുതല്‍ വളരാന്‍ കഴിഞ്ഞിരുന്നില്ല.
നിലവില്‍ ഇന്ത്യയിലെ 44 ലക്ഷം യൂണിറ്റുകളുടെ കാര്‍ വിപണിയില്‍ 4 ശതമാനത്തില്‍ താഴെ മാത്രമാണ് യൂറോപ്യന്‍ കമ്പനികളുടെ വിഹിതം. ജപ്പാനിലെ സുസുക്കി, ഇന്ത്യന്‍ കമ്പനികളായ ടാറ്റ, മഹീന്ദ്ര എന്നിവയാണ് വിപണിയുടെ മൂന്നില്‍ രണ്ട് ഭാഗവും കൈയാളുന്നത്.
നികുതി കുറയുന്നതോടെ വിദേശ കമ്പനികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ വില്‍ക്കാനും ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് മുന്നോടിയായി വിപണി പഠിക്കാനും സാധിക്കും. ഇതിന് അനുസരിച്ചു പ്രാദേശികമായി നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകളും ആരായാന്‍ കഴിയും.
2030-ഓടെ ഇന്ത്യന്‍ വിപണി 60 ലക്ഷം യൂണിറ്റായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെനോ (—-) , സ്‌കോഡ (—-) തുടങ്ങിയ കമ്പനികള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ പുതിയ നിക്ഷേപങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ്. യൂറോപ്പിനു പുറത്ത് വളര്‍ച്ച ലക്ഷ്യമിടുന്ന റെനോ, ഇന്ത്യക്കായി പ്രത്യേക പദ്ധതിയും തയാറാക്കുന്നുണ്ട്. ചൈനയില്‍നിന്നുള്ള കാറുകളുടെ ശക്തമായ മത്സരവും വിപണിക്കു നേരിടേണ്ടിവരുന്നു. സ്‌കോഡ ബ്രാന്‍ഡിലൂടെ അടുത്തഘട്ടം നിക്ഷേപത്തിനു ഫോക്‌സ്‌വാഗനും ലക്ഷ്യമിടുന്നു.






