ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ സാമ്പത്തിക പരിധിയിലല്ലാത്ത വിചിത്രമായ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഭര്‍ത്താവില്‍ സമ്മര്‍ദം ചെലുത്തുന്നത് വിവാഹ മോചനത്തിന് കാരണമാകുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഏതൊരു ദാമ്പത്യ ജീവിതത്തിലും സംതൃപ്തിയും സമാധാനവും പ്രധാന ഘടകമാണെന്നും ഇത്തരം കാര്യങ്ങള്‍ മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ഇരുവര്‍ക്കും വിവാഹ മോചനവും കോടതി അനുവദിച്ചു. ഒരാളുടെ സാമ്പത്തിക പരിമിതികളെക്കുറിച്ച് ഭാര്യ നിരന്തരം ഓര്‍മ്മപ്പെടുത്തരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ്, ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
ഒരാള്‍ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും ശ്രദ്ധാലുവായിരിക്കണമെന്നും കോടതി പറഞ്ഞു. വിവാഹമോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യ നല്‍കിയ അപ്പീലാണ് ബെഞ്ച് തള്ളിയത്. ഭര്‍ത്താവിനോടുള്ള പെരുമാറ്റത്തെക്കുറിച്ച് കോടതിയില്‍ വ്യക്തമാക്കിയതോടെ വിവാഹമോചനം ശരിവെക്കുകയായിരുന്നു.