IndiaNEWS

ഇല്ലാ ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു… മരണ വാര്‍ത്ത അടിച്ചിറക്കിയത് പൂനം തന്നെ, ലക്ഷ്യം കാന്‍സര്‍ അവബോധമെന്ന് വിശദീകരണം

ന്യൂഡല്‍ഹി: തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും പൂനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

”എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കി ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്‍ക്കും മാപ്പ്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ”

Signature-ad

സിനിമാ-മോഡലിങ് രംഗത്തുള്ളവര്‍ വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നത് പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്ത കേട്ടാണ്. എന്നാല്‍, പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാന്‍കഴിഞ്ഞില്ല. തുടര്‍ന്ന് മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കി. പൂനത്തിന്റെ വിയോഗവാര്‍ത്ത, അവരുടെ മാനേജര്‍ നികിത ശര്‍മ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബോളിവുഡിലെ താരങ്ങളായ കങ്കണ റണൗട്ട് മുതല്‍ ചെറുതും വലുതുമായ ഒട്ടേറെപ്പേര്‍ അനുശോചിച്ചു.

രാത്രി വൈകി പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും അവര്‍ ആടിയ നാടകമാണിതെന്നുമുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളുടെ വെബ്സൈറ്റുകളില്‍ വന്നു. വാര്‍ത്താ ഏജന്‍സികളും ഇവര്‍ മരിച്ചെന്ന വാര്‍ത്ത നല്‍കിയിരുന്നു. രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29 വരെ പോസ്റ്റ്ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂര്‍ണ ആരോഗ്യവതിയായാണ് പൂനം പാണ്ഡെ കാണപ്പെട്ടത്. മാത്രമല്ല, ഇവരുടെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവന്നില്ല. ഇതോടെ മരണവാര്‍ത്തയെ സംശയത്തോടെയാണ് ആളുകള്‍ നോക്കി കണ്ടത്.

പൂനത്തിന്റെ സഹോദരിയാണ് മരണവാര്‍ത്ത തങ്ങളെ അറിയിച്ചതെന്ന് പി.ആര്‍ ഏജന്‍സി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചില്ലെന്നും ഏജന്‍സി മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നാടകം കളിച്ചതില്‍ പൂനത്തിനെതിരേയുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. നടിയ്ക്കെതിരേ നടപടിയെടുക്കണമെന്നും ഒട്ടേറെപേര്‍ ആവശ്യപ്പെടുന്നു.

 

Back to top button
error: