പത്തനംതിട്ട: റോബിന്‍ ബസ് നടത്തിപ്പുകാരനായ ഗിരീഷിന്റെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട എസ്.പി. ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ഗിരീഷിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.എം.വി.ഐമാരായ രണ്ട് ഉദ്യോഗസ്ഥരാണ് ഗിരീഷിനെതിരേ പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നേടി പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന റോബിന്‍ എന്ന സ്വകാര്യ ബസിന്റെ നടത്തിപ്പുകാരനും കേരള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള പോരാട്ടം 2023-ന്റെ അവസാനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. നിയമലംഘനം ആരോപിച്ച് കേരളത്തിലേയും തമിഴ്നാട്ടിലേയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിച്ചിരുന്നു.
എന്നാല്‍, കോടതി വിധി എതിരായതിനാല്‍ തന്നെ എങ്ങനെയെങ്കിലും പൂട്ടിക്കാനാണ് ഇപ്പോള്‍ ഈ വധഭീഷണി ആരോപണം ഉയര്‍ത്തിയിരിക്കുന്നതെന്നാണ് ഗിരീഷ് പറയുന്നത്. എസ്.പി. ഓഫീസില്‍ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതികരിച്ചത്. റോബിന്‍ ബസ് നാളെ മുതല്‍ അടൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.